കെട്ടിട നിർമാണങ്ങളുടെ കണക്കെടുക്കാൻ സർക്കാർ നിർദേശം

ഫ്ളാറ്റ്, വില്ല നിർമിതികൾക്കുമേൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി പിടിമുറക്കുന്നു. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ നടക്കുന്ന കെട്ടിട നിർമാണങ്ങളുടെ കണക്കെടുക്കാൻ സർക്കാർ നിർദേശം നൽകി. രജിസ്റ്റർ ചെയ്യാത്ത നിർമിതികൾക്കുമേൽ നടപടിയെടുക്കുന്ന നീക്കത്തിന്റെ ഭാഗമായി കൈവശാവകാശ സർട്ടിഫിക്കേറ്റ് ലഭിക്കാത്തവയുടെ കണക്കുൾപ്പെടെ നൽകാനാണ് നിർദേശം.
കെട്ടിട നിർമാണ പ്രവർത്തനങ്ങളും കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം. ഇതനുസരിച്ച് അതോറിറ്റി എല്ലാ നിർമാതാക്കളോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പലരും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ല. ഈ നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് എല്ലാ നിർമാണങ്ങളുടേയും കണക്കെടുക്കാൻ അതോറിറ്റി തീരുമാനിച്ചത്. ഇതിനായി തദ്ദേശഭരണ വകുപ്പിനോട് അതോറിറ്റി രേഖാമൂലം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ സെക്രട്ടറിമാരോടു അടിയന്തരമായി റിപ്പോർട്ട് നൽകാൻ തദ്ദേശ ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകിയത്. ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെ പരിധിയിലും നടന്നുകൊണ്ടിരിക്കുന്ന കെട്ടിട നിർമാണങ്ങളുടെ കണക്കെടുക്കാനാണ് നിർദേശം. ഒരാഴ്ചയ്ക്കകം ഈ കണക്ക് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് നൽകാനും നിർദേശത്തിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here