ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ച് വീണു

വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ച് വീണു. തളിമല സ്വദേശി ശ്രീവള്ളിയാണ് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ അപകടമുണ്ടായ ബസിന്റെ ഓട്ടോമാറ്റിക്ക് ഡോര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
വൈത്തിരി ബസ് സ്റ്റാന്‍ഡിന് സമീപം രാവിലെയാണ് അപകടം ഉണ്ടായത്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പിന്‍വാതിലിലൂടെ ശ്രീവള്ളി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. കെഎസ്ആര്‍ടിസി ബസിന് തൊട്ടുപുറകിലായി വന്ന സ്വകാര്യ ബസ് ഉടന്‍ നിര്‍ത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here