ത്രിരാഷ്ട്ര വനിതാ പരമ്പര; നാളെ ഇംഗ്ലണ്ട്-ഇന്ത്യ പോരാട്ടം

ത്രിരാഷ്ട്ര വനിതാ ടി-20 പരമ്പരയിൽ നാളെ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഓസ്ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ സമയം പുലർച്ചെ 8.40നാണ് മത്സരം. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിയക്കെതിരെ കളിച്ച മത്സരം ഇന്ത്യ പരാജയപ്പെട്ടു. അതേസമയം, ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ പരാജയപ്പെട്ടെങ്കിലും ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ഇംഗ്ലണ്ടിൻ്റെ 147 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഇന്ത്യക്കായി 42 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് തിളങ്ങിയത്. കൗമാര ഓപ്പണർ ഷഫാലി വർമ്മ 30 റൺസെടുത്തു.
ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നാലു വിക്കറ്റിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുക്കാനേ സാധിച്ചുള്ളൂ. സ്മൃതി മന്ദന (23 പന്തുകളിൽ 35), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (32 പന്തുകളിൽ 28), രാധ യാദവ് (11 പന്തുകളിൽ 11) എന്നിവർ മാത്രമാണ് ഇന്ത്യക്കായി ഇരട്ടയക്കം കടന്നത്. 4 ഓവറിൽ 13 റൺസ് വഴങ്ങി നാലു വിക്കറ്റ് നേടിയ എലിസ് പെറിയാണ് ഇന്ത്യയെ തകർത്തത്.
ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരം സൂപ്പർ ഓവറിലാണ് തീരുമാനിക്കപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തപ്പോൾ ഓസ്ട്രേലിയ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 156 എടുത്തു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 8 റൺസ് മാത്രമേ എടുക്കാനായുള്ളൂ. ഇംഗ്ലണ്ട് ആദ്യ നാലു പന്തുകളിൽ തന്നെ ഈ വിജയലക്ഷ്യം മറികടന്നു.
Story Highlights: India, England, Womens Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here