ആധുനിക യന്ത്രസാമഗ്രികള്‍ പരിചയപ്പെടുത്താന്‍ ‘മെഷിനറി എക്‌സ്‌പോ’ തൃശൂരില്‍

വ്യവസായ സൗഹൃദ കേരളത്തിന് ആധുനിക യന്ത്രസാമഗ്രികള്‍ പരിചയപ്പെടുത്താന്‍ വിപുലമായ പ്രദര്‍ശന മേളക്ക് നാളെ തുടക്കമാകും. വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഈ മാസം 10 വരെയാണ് മേള.
വ്യവസായ രംഗവുമായി ബന്ധപ്പെട്ട അത്യാധുനിക യന്ത്ര സാമഗ്രികളും നമ്മുടെ പരിസ്ഥിതിക്ക് യോജിച്ച ആധുനിക സാങ്കേതിക വിദ്യകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. വിവിധ മേഖലകള്‍ക്ക് ആവശ്യമായ യന്ത്രങ്ങള്‍ നിര്‍മിക്കുന്ന 145 കമ്പനികളും സാങ്കേതിക വിദ്യ ദാതാക്കളും പങ്കെടുക്കും. ഉത്പാദന സംരംഭങ്ങള്‍ക്കും സേവന സംരംഭങ്ങള്‍ക്കും ആവശ്യമായ യന്ത്ര സാമഗ്രികളും പ്രദര്‍ശിപ്പിക്കും.
യന്ത്രങ്ങളുടെ പ്രവര്‍ത്തനം വ്യക്തമായി മനസിലാക്കി വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ട്. തടി സംസ്‌കരണം, ഭക്ഷ്യ സംസ്‌കരണം, മാലിന്യ സംസ്‌കരണം, നാളികേര സംസ്‌കരണം, തൊണ്ട് സംസ്‌കരണം, വസ്ത്ര നിര്‍മാണം, ഔഷധ നിര്‍മാണം, പാദരക്ഷ നിര്‍മാണം, സിമെന്റ് ബ്ലോക്ക് നിര്‍മാണം എന്നിവയ്ക്കുള്ള യന്ത്രങ്ങളും പ്രിന്റിംഗ് പ്രസ് മെഷീനുകള്‍, വിവിധ തരം മോട്ടോറുകള്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് യന്ത്ര സാമഗ്രികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള യന്ത്രസാമഗ്രികള്‍ പ്രദര്‍ശനത്തിനുണ്ടാകും.
കേരളത്തിനൊപ്പം തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന, തെലങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളാണുള്ളത്. യന്ത്രങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് വ്യവസായ കേന്ദ്രത്തിന്റെ സഹായകേന്ദ്രവും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് അനുബന്ധമായ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നതിന് എംഎസ്എംഇ സ്റ്റാളുകളും ഫുഡ്‌കോര്‍ട്ടും പ്രദര്‍ശന മേളയില്‍ ഉണ്ടാകും.
40,000 ചതുരശ്ര അടിയില്‍ ഒരുക്കുന്ന എക്‌സ്ബിഷന്‍ പവലിയന്‍ പൂര്‍ണമായും ശീതീകരിച്ചതാണ്. മേളയോട് അനുബന്ധിച്ച് സംരംഭകര്‍ക്ക് ഉപകാരപ്രദമായ സാങ്കേതിക വിഷയങ്ങള്‍ സംബന്ധിച്ച സെമിനാറുകളും നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം ഏഴ് മണി വരെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.
Story Highlights: e p jayarajan, Machinery Expo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here