Advertisement

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റ് തള്ളി

February 6, 2020
1 minute Read

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റ് തള്ളി. അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് ട്രംപിനെ സെനറ്റ് കുറ്റവിമുക്തനാക്കിയത്. നാല് മാസം നീണ്ട് നിന്ന ഇംപീച്ച്‌മെന്റ് നടപടികള്‍ക്കാണ് വോട്ടെടുപ്പോടെ അവസാനമായത്. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിക്കുന്ന പ്രമേയം 48 നെതിരെ 52 വോട്ടുകള്‍ക്കാണ് സെനറ്റ് തള്ളിയത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന രണ്ടാമത്തെ കുറ്റം 47 നെതിരെ 53 വോട്ടുകള്‍ക്കും തള്ളി. രണ്ടും പ്രമേയങ്ങളും വെവ്വേറെ വോട്ടിനിട്ട് ട്രംപ് കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 100 അംഗ സെനറ്റില്‍ പ്രമേയങ്ങള്‍ പാസാകാന്‍ വേണ്ടിയിരുന്നത് 67 വോട്ടുകളാണ്.

ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇംപീച്ച്‌മെന്റ് നീക്കം തടയുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ട്രംപിനെതിരായ ആദ്യ പ്രമേയത്തെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മീറ്റ് റോമ്‌നി അനുകൂലിച്ചത് ഭരണ പക്ഷത്തെ ഞെട്ടിച്ചു. ഒരു സ്വേച്ഛാതിപദിയുടെ പ്രവര്‍ത്തന രീതിയാണ് പ്രസിഡന്റിനെന്ന റോമ്‌നിയുടെ വാക്കുകള്‍ ട്രംപിനുണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ല. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയില്‍ നാലുമാസം മുന്‍പ് ട്രംപ് ഇംപീച്‌മെന്റിന് വിധേയനായിരുന്നു. ഇതോടെ ജനപ്രതിനിധി സഭയില്‍ ഇംപീച്ച് ചെയ്യപ്പെടുകയും സെനറ്റ് മുന്‍പാകെ വിചാരണയ്‌ക്കെത്തുകയും ചെയ്ത മൂന്നാമത്തെ പ്രസിഡന്റായി ട്രംപ് മാറി. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായേക്കാവുന്ന ജോ ബൈഡനും മകനും എതിരെ അന്വേഷണം നടത്താന്‍ യുക്രൈന്‍ പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്‌മെന്റ് നടപടി നേരിട്ടത്.

 

Story Highlights- Senate rejected , impeachment against, Trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top