അണ്ടർ-19 ലോകകപ്പ്: ഫൈനലിൽ ‘ഏഷ്യാ കപ്പ് ഫൈനൽ’

അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളിയായി ബംഗ്ലാദേശ്. ഇന്ന് നടന്ന രണ്ടാം സെമിഫൈനലിൽ ന്യൂസിലൻഡിനെ ആറ് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 44.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ബംഗ്ലാദേശിനായി മഹ്മൂദുൽ ഹസൻ ജോയ് സെഞ്ചുറി അടിച്ചു.

ഉജ്ജ്വലമായി പന്തെറിഞ്ഞ ബംഗ്ലാദേശ് ബൗളർമാർ ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. ഒരു ഘട്ടത്തിൽ 25 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 74 എന്ന നിലയിൽ തകർന്ന ന്യൂസിലൻഡിനെ നിക്കോളാസ് ലിഡ്സ്റ്റണും ബെക്കം വീലറും ചേർന്ന 67 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. 75 റൺസെടുത്ത ബെക്കം വീലറാണ് ന്യൂസിലൻഡിൻ്റെ ടോപ്പ് സ്കോറർ. നിക്കോളാസ് ലിഡ്സ്റ്റൺ 44 റൺസെടുത്തു. ബംഗ്ലാദേശിനായി ഷൊരിഫുൽ ഇസ്ലാം 3 വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിനും ആദ്യ രണ്ട് വിക്കറ്റ് വേഗത്തിൽ നഷ്ടമായി. 32 റൺസിന് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ തൗഹിദ് ഹ്രിദോയും മഹ്മൂദുൽ ഹസൻ ജോയും ചേർന്ന 68 റൺസ് കൂട്ടുകെട്ട്, മത്സരം ബംഗ്ലാദേശിൻ്റെ നിയന്ത്രണത്തിൽ കൊണ്ടു വന്നു. നാലാം വിക്കറ്റിലാണ് മത്സരത്തിൻ്റെ ഗതി നിർണയിച്ച കൂട്ടുകെട്ട് പിറന്നത്. മഹ്മൂദുൽ ഹസൻ ജോയുമായി ചേർന്ന ഷഹാദത് ഹുസൈൻ 101 റൺസ് സ്കോർ ബോർഡിലേക്ക് ചേർത്തു. സെഞ്ചുറി അടിച്ച ഉടൻ (100) മഹ്മൂദുൽ ഹസൻ ജോയ് പുറത്തായി. ഷഹാദത് ഹുസൈനും (40) അക്ബർ അലിയും (5) പുറത്താവാതെ നിന്നു.

ഫെബ്രുവരി 9 നാണ് ഫൈനൽ നടക്കുക. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം നടക്കുക.

Story Highlights: U-19 World Cup, India, Bangladesh, New Zealand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top