പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തരാനുള്ളത് കോടികൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യൂനിസ് ഖാൻ

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം യൂനിസ് ഖാൻ. പ്രതിഫലയിനത്തിൽ തനിക്ക് കോടിക്കണക്കിനു രൂപ പാകിസ്താൻ തരാനുണ്ടെന്നാണ് യൂനിസിൻ്റെ ആരോപണം. എന്നാൽ, തനിക്ക് പണം വേണ്ടെന്നും ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും യൂനിസ് കൂട്ടിച്ചേർത്തു.
“പണക്കണക്കിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് 4-6 കോടി രൂപയോളം എനിക്ക് തരാനുണ്ട്. എന്നാൽ ഒരിക്കലും ഞാൻ ആ പണം ആവശ്യപ്പെട്ടിട്ടില്ല. പണം ഒരിക്കലും എനിക്ക് ഒരു പ്രശ്നമല്ല. നിങ്ങൾക്ക് ലഭിക്കാനുള്ളത് ലഭിക്കും. നിങ്ങൾ പണത്തിനു പിന്നാലെ ഓടരുത്. ഞാൻ ഒരിക്കലും പണത്തിന് പിന്നാലെ പോകാറില്ല. ഞാൻ എപ്പോളും പാകിസ്താൻ ക്രിക്കറ്റ് ബോർഡിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ക്രിക്കറ്റിൽ 17-18 വർഷത്തെ പരിചയം എനിക്കുണ്ട്.”- യൂനിസ് ഖാൻ പറഞ്ഞു.
പാകിസ്താൻ്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് യൂനിസ് ഖാൻ. 2000ൽ പാക് ടീമിൽ അരങ്ങേറിയ അദ്ദേഹം 2017ലാണ് വിരമിച്ചത്. 118 ടെസ്റ്റുകളും, 265 ഏകദിനങ്ങളും, 25 ടി-20 മത്സരങ്ങളും നീണ്ട കരിയറിൽ പതിനേഴായിരത്തിലധികം റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ പാകിസ്താനു വേണ്ടി ഏറ്റവുമധികം റൺസും സെഞ്ചുറികളും യൂനിസ് ഖാൻ്റെ പേരിലാണ്. 2009ലെ ടി-20 ലോകകപ്പിൽ പാകിസ്താനെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം.
Story Highlights: Younis Khan, Pakistan Cricket Board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here