ത്രിരാഷ്ട്ര വനിതാ ടി-20: നതാലി സിവറിനു ഫിഫ്റ്റി; ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്

ത്രിരാഷ്ട്ര വനിതാ ടി-20യിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ജയം. നാല് വിക്കറ്റിൻ്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 18.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു. ഇംഗ്ലണ്ടിനായി നതാലി സിവർ അർധസെഞ്ചുറി അടിച്ചു.

ഇംഗ്ലണ്ട് തകർച്ചയോടെയാണ് ഇന്നിംഗ്സ് ആരംഭിച്ചത്. തൻ്റെ ആദ്യ ഓവറിൽ തന്നെ ഏമി ജോൺസിനെ (1) അരുന്ധതി റെഡ്ഡിയുടെ കൈകളിൽ എത്തിച്ച രാജേശ്വരി ഗെയ്ക്‌വാദ് ഇന്ത്യക്ക് ഉജ്ജ്വല തുടക്കം നൽകി. ഡാനിയൽ വ്യാട്ട് (14) രാധാ യാദവിൻ്റെ പന്തിൽ ഗെയ്ക്‌വാദ് പിടിച്ചു പുറത്തായപ്പോൾ കാതറിൻ ബ്രണ്ട് (8) ദീപ്തി ശർമ്മയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി.

28/3 എന്ന നിലയിൽ തകർച്ച നേരിട്ട ഇംഗ്ലണ്ടിനെ നാലാം വിക്കറ്റിൽ ഹെതർ നൈറ്റ്-നതാലി സിവർ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 37 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഗെയ്ക്‌വാദിനു രണ്ടാം വിക്കറ്റ് സമ്മാനിച്ച് ഹെതർ നൈറ്റ് (18) രാധ യാദവിൻ്റെ കൈകളിൽ അവസാനിച്ചപ്പോൾ വീണ്ടും ഇംഗ്ലണ്ട് പതറി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഫ്രാൻ വിൽസണെ കൂട്ടുപിടിച്ച് നതാലി സിവർ ഇംഗ്ലണ്ട്ബ് ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചു. 49 റൺസ് നീണ്ട ഈ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചത്. 38 പന്തുകളിൽ 7 ബൗണ്ടറികളും ഒരു സിക്സറും സഹിതം അർധസെഞ്ചുറി തികച്ച ഉടൻ സിവറിനെ ഗെയ്ക്‌വാദ് സ്വന്തം ബൗളിംഗിൽ പിടികൂടി. തമ്മി ബോമണ്ട് (3) റണ്ണൗട്ടായി. ഫ്രാൻ വിൽസൺ (20), ലോറൻ വിൻഫീൽഡ് (2) എന്നിവർ പുറത്താവാതെ നിന്നു.

ഇതോടെ ഇംഗ്ലണ്ട് മൂന്നു മത്സരങ്ങളിൽ രണ്ട് ജയം സ്വന്തമാക്കി. നാളെ പുലർച്ചെ 6.40ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.

Story Highlights: India, England, T-20, Women’s Cricket

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top