മെസ്സി ബാഴ്സ വിടുന്നു?; പണമെറിയാൻ തയ്യാറായി പിഎസ്ജിയും സിറ്റിയും

ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുന്നു എന്ന് റിപ്പോർട്ട്. സമീപ കാലത്തെ ക്ലബിൻ്റെ ദയനീയ പ്രകടനങ്ങളിലും മാനേജ്മെൻ്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളിലും മെസ്സി അസ്വസ്ഥനാണെന്നാണ് വിവരം. അതുകൊണ്ട് തന്നെ വരുന്ന സീസണിൽ മെസ്സി ക്ലബ് വിട്ടേക്കുമെന്നാണ് ചില യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് മെസ്സിക്കായി രംഗത്തുള്ളവരിൽ പ്രമുഖർ. സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള വിഷയ സംബന്ധിയായി മെസ്സിയോട് ചർച്ച നടത്തിക്കഴിഞ്ഞു എന്ന് സൺ റിപ്പോർട്ട് ചെയ്യ്യുന്നു. നേരത്തെ ബാഴ്സലോണയുടെ പരിശീലകനായിരുന്ന പെപ് ഗ്വാർഡിയോളയുമായി മികച്ച ബന്ധമാണ് മെസ്സിക്കുള്ളത്. പെപിൻ്റെ കാലത്ത് ബാഴ്സലോണയുടെ അപ്രമാദിത്വം യൂറോപ്പിൽ ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത വിധം ഊട്ടിയുറപ്പിക്കപ്പെട്ടിരുന്നു. ഇതൊക്കെ മെസ്സിയെ സിറ്റിയിലേക്ക് അടുപ്പിക്കുമെന്നാണ് വിവരം.
ഫ്രഞ്ച് ലീഗിലെ പുതുപ്പണക്കാരായ പിഎസ്‌ജിയാണ് മെസ്സിക്കായി വലവിരിച്ച മറ്റൊരു ക്ലബ്. ബ്രസീൽ സൂപ്പർ താരം നെയ്മർക്കൊപ്പം മെസ്സി കൂടി ഉണ്ടെങ്കിൽ ആക്രമണം മെച്ചപ്പെടുത്തുന്നതിനൊപ്പം ചാമ്പ്യൻസ് ലീഗ് മോഹം സഫലീകരിക്കാമെന്നതും പിഎസ്ജിക്ക് മെസ്സിയെ റാഞ്ചാനുള്ള പ്രചോദനമാണ്.
അടുത്തിടെ, പരിശീലകൻ ഏണസ്റ്റോ വെൽവർദയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് മെസ്സിയും ബോർഡുമായി ചില അസ്വാരസ്യങ്ങൾ രൂപം കൊണ്ടിരുന്നു. അദ്ദേഹം പുറത്തായത് ചില കളിക്കാരുടെ നിസ്സഹകരണം കൊണ്ടാണെന്ന് ബാഴ്സലോണ മുൻ കളിക്കാരനും ബാഴ്സ സ്പോർട്ടിംഗ് ഡയറക്ടറുമായ എറിക് അബിദാൽ ആരോപിച്ചു. എന്നാൽ ഇതിനെതിരെ മെസ്സി രംഗത്തെത്തി. ഇതാണ് മെസ്സി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നിൽ.
2021 വരെയാണ് മെസ്സിക്ക് ബാഴ്സയിൽ കരാർ ഉള്ളത്. എന്നാൽ അടുത്ത സീസണോടെ അദ്ദേഹത്തിന് ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോസ്‌പെ മരിയാ വ്യക്തമാക്കിയിരുന്നു. ഇതും അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നുണ്ട്.
Story Highlights: Lionel Messi, FC Barcelona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here