Advertisement

മികച്ച തുടക്കം കളഞ്ഞു കുളിച്ച് കിവീസ്; ഇന്ത്യക്ക് 274 റൺസ് വിജയലക്ഷ്യം

February 8, 2020
Google News 1 minute Read

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 274 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 273 റൺസ് നേടി. 79 റൺസെടുത്ത ഓപ്പണർ മാർട്ടിൻ ഗപ്റ്റിലാണ് കിവീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹാൽ മൂന്നു വിക്കറ്റ് വീഴ്ത്തി. മികച്ച രീതിയിൽ തുടങ്ങിയ കിവീസിന് മധ്യനിര ബാറ്റ്സ്മാന്മാരുടെ ദയനീയ പ്രകടനമാണ് തിരിച്ചടി ആയത്.

ആദ്യ വിക്കറ്റിൽ തന്നെ ന്യൂസിലൻഡ് 93 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ആദ്യ ഓവറുകളിൽ ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞ ഇന്ത്യക്ക് പിന്നീട് താളം നഷ്ടപ്പെടുകയായിരുന്നു. സാവധാനം ഫീൽഡിൽ പഴുതുകൾ കണ്ടെത്തിയ കിവീസ് ബാറ്റ്സ്മാന്മാർ ഇന്ത്യൻ ബൗളർമാരെ തല്ലിച്ചതച്ചു. 17ആം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. ഹെൻറി നിക്കോൾസിനെ (41) വിക്കറ്റിനു മുന്നിൽ കുരുക്കിയ ചഹാൽ ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി.

രണ്ടാം വിക്കറ്റിൽ ഗപ്റ്റിലുമായി ഒത്തു ചേർന്ന ടോം ബ്ലണ്ടൽ 49 റൺസ് കൂട്ടിച്ചേർത്തു. 22 റൺസെടുത്ത ബ്ലണ്ടലിനെ ഷർദ്ദുൽ താക്കൂർ നവദീപ് സെയ്നിയുടെ കൈകളിലെത്തിച്ചു. ഏറെ വൈകാതെ മാർട്ടിൻ ഗപ്റ്റിൽ റണ്ണൗട്ടായി. 79 പന്തുകളിൽ നിന്ന് 8 ബൗണ്ടറികളും മൂന്നു സിക്സറും സഹിതം 79 റൺസ് അടിച്ചതിനു ശേഷമാണ് ഗപ്റ്റിൽ മടങ്ങിയത്. പിന്നാലെ, ടോം ലതവും (7) ജെയിംസ് നീഷവും (3) ജഡേജയുടെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായി. കോളിൻ ഡി ഗ്രാൻഡ്‌ഹോം (5) ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ ശ്രേയസ് അയ്യരുടെ കൈകളിൽ അവസാനിച്ചു. മാർക്ക് ചാപ്മാൻ (1), ടിം സൗത്തി (3) എന്നിവർ ചഹാലിൻ്റെ ഇരകളായി. ചാപ്മാനെ സ്വന്തം ബൗളിംഗിൽ പിടികൂടിയ ചഹാൽ സൗത്തിയെ സെയ്നിയുടെ കൈകളിൽ എത്തിച്ചു.

ഒരു വശത്ത് വിക്കറ്റ് കൊഴിയുമ്പോഴും പിടിച്ചു നിന്ന ടെയ്ലറിനു കൂട്ടായി ഒൻപതാം വിക്കറ്റിൽ അരങ്ങേറ്റക്കാരൻ കെയിൽ ജെമീസൻ ക്രീസിലെത്തി. ഇരുവരും ചേർന്ന അപരാജിതമായ 76 റൺസ് കൂട്ടുകെട്ടാണ് ന്യൂസിലൻഡിനെ നാണക്കേടിൽ നിന്നു രക്ഷിച്ചത്. 74 പന്തുകളിൽ 6 ബൗണ്ടറികളും രണ്ട് സിക്സറും സഹിതം 73 റൺസെടുത്ത ടെയ്‌ലറും 24 പന്തുകളിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സറുകളും അടക്കം 25 റൺസെടുത്ത ജെമീസനും പുറത്താവാതെ നിന്നു.

Story Highlights: India, New Zealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here