‘വെള്ളേപ്പം’ ടീം തീവ്രവാദികളെന്ന് ‘മോദി രാജ്യം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വ്യാജപ്രചാരണം

‘വെള്ളേപ്പം’ എന്ന സിനിമയുടെ ക്യാമറമാനായ ഷിഹാബ് ഓങ്ങല്ലൂരും സംഘവും തീവ്രവാദികളെന്ന് ഫേസ്ബുക്കിൽ വ്യാജപ്രചാരണം. ‘മോദിരാജ്യം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഇവർക്കെതിരെ വ്യാജപ്രചാരണം നടത്തിയത്. ഷിഹാബിനൊപ്പം ഉണ്ടായിരുന്ന ഷംനാദ് എന്ന സുഹൃത്തിൻ്റെ ചിത്രമടക്കം പങ്കുവെച്ചു കൊണ്ടാണ് വ്യാജ പ്രചാരണം.
തമിഴ്നാട് സ്വദേശിയായ ശ്രീനിവാസ രാഘവന്‍ എന്നയാൾ മോദിരാജ്യം എന്ന ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. മരുതമലൈ ക്ഷേത്രത്തിൽ ഉത്സവം നടക്കുകയാണെന്നും അതിനിടെ അവിടെ ഒരു വാഹനം കറങ്ങി നടക്കുന്നു എന്നും അവർ പ്രത്യേക മതവിഭാഗത്തിൽ പെട്ടവരാണെന്നുമായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്. എന്തിനാണ് ഇവർ ഇവിടെ കറങ്ങി നടക്കുന്നതെന്നും വിശ്വാസികൾ ഇത് അറിഞ്ഞിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്. പോസ്റ്റിനു താഴെ, ഇവർ തീവ്രവാദികളാണെന്നും എൻഐയെ ടാഗ് ചെയ്യൂ എന്നുമൊക്കെ കമൻ്റ് നിറഞ്ഞു.
തുടർന്ന് ഇത് തമിഴ്നാട് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ചു. ഷിഹാബിനെയും സംഘത്തെയും സ്പെഷ്യൽ ബ്രാഞ്ച് വിളിച്ച് കാര്യം അന്വേഷിച്ചു. അപ്പോഴാണ് അവർ ഇക്കാര്യം അറിയുന്നത്. ഈറോഡിൽ ഒരു വിവാഹ വർക്കിനു പോയതാണ് ഇവർ. വിവാഹച്ചടങ്ങ് കഴിഞ്ഞ് കോയമ്പത്തൂരിലെ മരുതമലൈയില്‍ ഇവർ ഔട്ട്ഡോർ ഷൂട്ടിംഗിനു പോയി. അമ്പലത്തിനടുത്ത് വെള്ളം കുടിക്കാൻ ഇറങ്ങിയതാണ് ഇവർ. ഇതിനിടെ ആരോ ഇവരുടെ ചിത്രമെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.
പോസ്റ്റിൽ ഉണ്ടായിരുന്ന വണ്ടിയുടെ നമ്പർ ട്രാക്ക് ചെയ്താണ് തമിഴ്നാട് പൊലീസ് ഇവരെ ബന്ധപ്പെട്ടത്. പിന്നീട് ഇവരെ വിവാഹ വർക്ക് ഏല്പിച്ചവർ പോസ്റ്റിട്ട ആളുമായി ബന്ധപ്പെട്ട് ഈ വ്യാജ പോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിച്ചു. സംഭവത്തിൽ സൈബർ സെല്ലിനു പരാതി നൽകുമെന്ന് ഷിഹാബ് പറഞ്ഞു.
Story Highlights: Fake News, Terrorists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here