അമ്മയെ കൊന്നു, അനിയനെ കുത്തി പരുക്കേൽപ്പിച്ചു; പിന്നീട് ബംഗളൂരു സ്വദേശിനി ഉറങ്ങിയിട്ടും കരഞ്ഞിട്ടുമില്ലെന്ന് പൊലീസ്

അമ്മയെ കൊല്ലുകയും അനിയനെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത യുവ എഞ്ചിനീയർ പിന്നീട് കരഞ്ഞിട്ടോ ഉറങ്ങിയിട്ടോ ഇല്ലെന്ന് ബംഗളൂരു പൊലീസ്. 33 വയസുള്ള അമൃത ചന്ദ്രശേഖറാണ് കേസിലെ പ്രതി. ഈ മാസം രണ്ടാം തിയതി രാമമൂർത്തി നഗറിലെ വീട്ടിൽ വച്ച് അമൃത അമ്മ നിർമലയെ(54) കൊലപ്പെടുത്തുകയും സഹോദരൻ ഹരീഷ് ചന്ദ്രശേഖറിനെ(31) കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് അമൃത സുഹൃത്തായ ശ്രീധർ റാവു(28)വിനോടൊപ്പം വിമാനത്തിൽ രക്ഷപ്പെടാനും ശ്രമിച്ചു.
കഴിഞ്ഞ ആഴ്ച ബംഗളൂരുവിലെ പൊലീസ് സ്റ്റേഷനിൽ അമൃത സ്വന്തം തല ചുമരിലിടിച്ചിരുന്നു. പിന്നീട് പൊലീസ് ഉറക്ക ഗുളികകൾ ഇവരിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് ഇവർക്ക് ഉറക്കമില്ലാത്ത അവസ്ഥയായ ഇൻസോംനിയ ആണെന്ന് വ്യക്തമായത്. സംഭവത്തെക്കുറിച്ച് സൈക്കോളജിസ്റ്റിനോട് അമൃത തുറന്ന് പറഞ്ഞു. അമ്മയെയും സഹോദരനെയും വളരെ ഇഷ്ടമാണ്. ആത്മഹത്യ ചെയ്താൽ ബാങ്കുകാർക്ക് തന്നെ ഉപദ്രവിക്കാനാകില്ല. അമ്മയെയും അനിയനെയും കൊല്ലാൻ ശ്രമിച്ചതും അവരെ ബാങ്കുകാർ ഉപദ്രവിക്കാതിരിക്കാനാണെന്നും അമൃത സൈക്കോളജിസ്റ്റിനോട് പറഞ്ഞു. കൗൺസിലിംഗ് നടത്തിയ ദിവസം അമൃത നന്നായി ഉറങ്ങിയെന്നും പൊലീസ്.
വിഷാദ രോഗിയായ അമൃതയ്ക്ക് ഒരുപാട് കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. അവർ ഒരു മാനസിക രോഗി കൂടിയാണ്. അല്ലാതെ കൊലപാതകത്തിന് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്ന് ഈസ്റ്റ് അഡീഷണൽ കമ്മീഷണർ എസ് മുരുകൻ വ്യക്തമാക്കി.
വെള്ളിയാഴ്ച അമൃതയെയും ശ്രീധറിനെയും മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ശ്രീധറിന്റെ രക്ഷിതാക്കൾ കോടതിയിൽ വന്നിരുന്നെങ്കിലും അമൃതയുടെ ആരും കോടതിയിലുണ്ടായിരുന്നില്ല. അവർക്ക് അഭിഭാഷകനും ഉണ്ടായിരുന്നില്ല. ശ്രീധറിന് കൊലയെപ്പറ്റി അറിയില്ലെന്നും നിരപരാധിയാണെന്നും അമൃത കോടതിയിൽ പറഞ്ഞു.
bengaluru, crime
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here