ബുഷ്‌ഫയർ ചാരിറ്റി മത്സരം; സമാഹരിച്ചത് 7.7 മില്ല്യൺ യുഎസ് ഡോളർ

ഓസ്ട്രേലിയൻ കാട്ടുതീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നടത്തിയ ബുഷ്ഫയർ ക്രിക്കറ്റ് മത്സരത്തിലൂടെ സമാഹരിച്ചത് 7.7 മില്ല്യൺ യുഎസ് ഡോളറിലധികം തുക. ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉടൻ തന്നെ ഈ പണം വേണ്ടപ്പെട്ടവർക്ക് കൈമാറുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഒരു റണ്ണിന് പോണ്ടിംഗ് ഇലവൻ ഗിൽക്രിസ്റ്റ് ഇലവനെ പരാജയപ്പെടുത്തിയിരുന്നു. പോണ്ടിംഗ് ഇലവൻ്റെ 105 റൺസിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഗിൽക്രിസ്റ്റ് ഇലവന് നിശ്ചിത 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഗിൽക്രിസ്റ്റ് ഇലവനായി ഫ്രാഞ്ചസി ക്രിക്കറ്റിൽ ഇപ്പോഴും സജീവമായ ഷെയിൻ വാട്സൺ 9 പന്തുകളിൽ രണ്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 33 റൺസെടുത്ത് റിട്ടയർഡ് ഔട്ടായി. വാട്സണാണ് ഗിൽക്രിസ്റ്റ് ഇലവൻ്റെ ടോപ്പ് സ്കോറർ. പോണ്ടിംഗ് ഇലവനായി ബ്രെറ്റ് ലീ രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പോണ്ടിംഗ് ഇലവൻ നിശ്ചിത 10 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 104 റൺസെടുത്തത്. 11 പന്തുകളിൽ 3 ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 30 റൺസെടുത്ത ബ്രയാൻ ലാറ ആയിരുന്നു പോണ്ടിംഗ് ഇലവൻ്റെ ടോപ്പ് സ്കോറർ. നായകൻ റിക്കി പോണ്ടിംഗ് 14 പന്തുകളിൽ 4 ബൗണ്ടറി അടക്കം 26 റൺസെടുത്തു. ഗിൽക്രിസ്റ്റ് ഇലവനായി യുവരാജ്, സൈമണ്ട്സ്, കോട്നി വാൽഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: Australia Fire, Bushfire Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here