ഷഹലയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്; കെ പി എ മജീദിന് മറുപടിയുമായി മാതൃസഹോദരി

വയനാട്ടിൽ സ്‌കൂളിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിനെ പരാമർശിച്ച് ലീഗ് നേതാവ് കെ പി എ മജീദ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷഹലയുടെ മാതൃസഹോദരിയായ ഫസ്‌നാ ഫാത്തിമ.

Read Also: ഷഹല ഷെറിന്റെ മരണം: അധ്യാപകര്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ഏതോ സ്‌കൂളിലെ കുട്ടിയെ പാമ്പ് കടിച്ചെന്ന് കരുതി സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കി നടക്കുകയാണ് അധ്യാപകർ. വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റം ഉണ്ടാകുന്നില്ലെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പറഞ്ഞത്. സംസ്ഥാനത്തെ എയ്ഡഡ് സകൂൾ മേഖലയിലെ മാനേജ്‌മെന്റുകളും സർക്കാരും തമ്മിൽ തർക്കം നടക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ഷഹലയെപ്പറ്റിയുള്ള മജീദിന്റെ പരാമർശം.

ഷഹലയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അവൾ തങ്ങൾക്ക് ജീവനായിരുന്നുവെന്നും മാതൃസഹോദരി കുറിപ്പിൽ പറയുന്നു. അവളില്ലാതെ തങ്ങളുടെ വീടുകൾ ശ്മശാനമൂകമാണെന്നും ഫസ്‌ന.

കുറിപ്പ്,

ഷഹല മോൾ എനിക്ക് സ്വന്തം ചോര മാത്രമല്ല, എന്റെ സ്വന്തം മോളാണ്. എനിക്ക് ശേഷം ഞങ്ങളുടെ കുടുംബത്തിലേക്ക് ആദ്യമായി വന്ന പൊന്നുമോൾ. ഞങ്ങളുടെ ലോകമായിരുന്നു അവൾ. ലേബർ റൂമിന് മുന്നിൽ വച്ച് ഉമ്മച്ചിയുടെ കൈയിൽ നിന്ന് അവളെ ആദ്യമായി എടുത്തപ്പോൾ, അവളുടെ കുഞ്ഞിക്കാൽ തൊട്ടപ്പോൾ അനുഭവിച്ചിരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. അവൾക്ക് കുഞ്ഞുടുപ്പ് വാങ്ങാനും കളിപ്പാട്ടങ്ങൾ തെരയാനുമായിരുന്നു എന്റെ അധിക സമയവും ചെലവിട്ടിരുന്നത്. ഓരോ കളിപ്പാട്ടം കിട്ടുമ്പോഴും അവളുടെ മുഖത്ത് കണ്ടിരുന്ന ആഹ്ലാദം അത് ഒന്നു വേറെ തന്നെയായിരുന്നു. മറ്റ് കുട്ടികളെ പോലെയല്ല അവൾ. അനുകമ്പ കൂടുതലുള്ള കുട്ടിയായിരുന്നു. ആരോടും പിണക്കമില്ല. ആരോടും പരിഭവവുമില്ല. എപ്പോഴും ചിരിച്ചുകൊണ്ട് കുറുമ്പുകാട്ടി നടക്കുന്നവൾ. കറുത്തിട്ടായതിന് പലരും അവളെ കളിയാക്കിയിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ പറഞ്ഞു കൊടുത്ത വാക്കുകളാണ് അവൾ ഏറ്റുപറഞ്ഞിരുന്നത് ‘കറുപ്പിലല്ല, പഠനത്തിലാണ് കാര്യം’. അതെ, അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. നല്ല നർത്തകിയുമായിരുന്നു. അവളിലെ നർത്തകിയെ കണ്ട് കൈതപ്രം മാഷിന്റെ നൃത്ത വിദ്യാലയത്തിൽ ചേർക്കാനിരുന്നതാണ്.
അവളുടെ ബാപ്പ അസീസ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റായതിനാൽ തിരുവനന്തപുരത്തായിരുന്നു കുറേ കാലം. ആ സമയത്ത് അവളുടെ ഉമ്മ സജ്ന ആയിഷ കോഴിക്കോട്ട് അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നു. പെട്ടെന്ന് ഷഹ്ലയുടെ സ്‌കൂൾ മാറ്റം സാധ്യമല്ല. അമീഗയാണെങ്കിൽ കുഞ്ഞിപ്പെണ്ണും. ജില്ല വിട്ട് പുറത്തു പോകാതിരുന്ന ഞാൻ ഷഹലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. വല്യുമ്മയുടെ അടുത്ത് നിന്ന് സ്‌കൂളിൽ പോയിരുന്ന അവളെ വെള്ളിയാഴ്ച ഞാനാണ് കോഴിക്കോട്ടെത്തിക്കുന്നത്. അങ്ങനെ ജില്ല വിട്ടുള്ള എന്റെ ആദ്യ യാത്രകൾക്ക് പങ്കാളിയായത് അവൾ. ഞങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടിയത് പോലെയായിരുന്നു. രണ്ടാളും ശരിക്ക് ആസ്വദിച്ചിരുന്നു ആ യാത്രകൾ. ബത്തേരി വിൽടൺ ഹോട്ടലിലെ ഫിഷ് ബിരിയാണി, തിരിച്ച് കോഴിക്കോടെത്തിയാൽ സംസം ഹോട്ടലിലെ ഫലൂദ, എസ് എം സ്ട്രീറ്റിലൂടെ നടത്തം, ബീച്ച്, പാർക്ക് എന്നുവേണ്ട ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങളില്ല. അമീഗ വലുതായപ്പോൾ അവളും ഞങ്ങൾക്കൊപ്പം കൂടി. ഞാൻ പോകുന്ന എല്ലാ സ്ഥലത്തും അവരുമുണ്ടാകും. സത്യം പറഞ്ഞാൽ എന്നെ അനുകരിക്കലാണ് അവളുടെ രീതി. ഞാൻ ചുവന്ന പ്ലേറ്റെടുത്താൽ അവൾക്കും ചുവന്ന പ്ലേറ്റ് വേണം. ഞാൻ മീനാണ് കഴിക്കുന്നതെങ്കിൽ അവൾക്കും മീൻ വേണം. ഇടക്കൊക്കെ അവളുടെ ഉമ്മ അവളോട് ചോദിക്കും നിനക്ക് ഉമ്മയെയാണോ പച്ചനയെയാണോ ഏറ്റവും ഇഷ്ടം അതിന് അവൾക്ക് ഒറ്റ മറുപടിയേ ഉള്ളൂ പച്ചന. അതിന് അവൾ പറയാറുള്ള കാരണം പച്ചന ഞങ്ങളെ തല്ലാറില്ല, ദേഷ്യം പിടിക്കാറുമില്ല പറയുന്നതൊക്കെ വാങ്ങിത്തരും പറയുന്നതിടത്തൊക്കെ കൊണ്ടുപോകും.
അവൾക്ക് പാമ്പ് കടിയേറ്റു എന്നു ഇത്താത്ത വിളിച്ചു പറയുമ്പോൾ ശരീരം തളരുന്നത് പോലെയായിരുന്നു. കോഴിക്കോട്ടേക്ക് കൊണ്ടുവരികയല്ലേ മികച്ച ചികിത്സ നൽകാമെന്ന് ലൈലയും കിരണേട്ടനും പറഞ്ഞപ്പോൾ അവൾ തിരിച്ചുവരുമെന്ന് തന്നെയാണ് വിശ്വസിച്ചത്. പക്ഷേ വന്നത് മരിച്ചുവെന്ന വാർത്തയാണ്. അവസാനമായി അവളെ ഒന്നെടുക്കാൻ സാധിച്ചില്ല. പേടിക്കണ്ട മോളെ, ഒന്നും സംഭവിക്കില്ലയെന്നു പറയാൻ സാധിച്ചില്ല. കരിനീല വിഷം അവളുടെ ശരീരത്തെ പൊതിയുമ്പോൾ എന്റെ മോൾ എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും.
മൂന്നര മണിക്കൂർ ശ്വാസമടക്കി പിടിച്ചാണ് വയനാടെത്തിയത്. ഞാനെത്തുമ്പോൾ ചന്ദ്രികയിലെ മുസ്തഫക്കയും ശംസുക്കയും വയനാട് പ്രസ് ക്ലബ്ബ് സെക്രട്ടറി നിസാമും വീട്ടിലെത്തിയിട്ടുണ്ട്. പാമ്പിൻ വിഷം ശരീരമാകെ ഇരച്ചുകയറിയിട്ടും ചിരിച്ച മുഖത്തോടെയായിരുന്നു അവൾ കിടന്നിരുന്നത്. ഞങ്ങൾ അടികൂടാറുള്ള, ഉപ്പ് കയറ്റി കളിക്കാറുള്ള അതേ ഹാളിൽ അവളെ വെള്ളപുതച്ചു കിടത്തിയപ്പോൾ സഹിക്കാൻ പറ്റിയില്ല. എന്നെ കണ്ടതും അമീഗ പറഞ്ഞ ഒരു വാക്കുണ്ട്, ഡീ… ഷഹല… നിന്റെ പച്ചന വന്നു നീ ഒന്ന് കണ്ണ് തുറന്ന് നോക്ക് എന്ന്… കൂടി നിന്നവർ പൊട്ടിക്കരയുന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് മരവിപ്പ് മാത്രമായിരുന്നു. മുസ്തഫക്കയോടും നിസാമിനോടും സംസാരിച്ചപ്പോഴാണ് പാമ്പ് കടിയേറ്റത് ക്ലാസ് റൂമിൽ നിന്നാണെന്ന് അറിയാൻ സാധിച്ചത്. പോസ്റ്റുമോർട്ടം നടക്കാത്തത് കൊണ്ട് വാർത്ത ചരമ പേജിൽ മതിയോ എന്നവർ ചോദിച്ചു. പാടില്ല, ഇത് ലോകം അറിയേണ്ട വിഷയമല്ലേയെന്ന് ഞാൻ ചോദിച്ചു. ഇത് ഫസ്റ്റ് പേജിൽ പോകേണ്ട വാർത്തയാണ്. പോയേ മതിയാകൂ… കുട്ടികൾ സ്‌കൂളിൽ സുരക്ഷിതരാണെന്ന് കരുതിയാണ് ഓരോ മാതാപിതാക്കളും സ്‌കൂളിലേക്ക് വിടുന്നത്. അവളെയും അങ്ങനെ തന്നെയാണ് അന്ന് അവളുടെ ഉമ്മയും സ്‌കൂളിലേക്ക് വിട്ടത്. പക്ഷേ ഷഹല തിരിച്ചുവന്നില്ല. അതുകൊണ്ട് ഈ വാർത്ത ലോകം അറിയണം. അവൾക്ക് സംഭവിച്ചത് ഇനിയൊരിക്കലും ഒരു കുട്ടിക്കും സംഭവിക്കരുത്. മാധ്യമലോകം ഒന്നടങ്കം ആ വാർത്തക്കൊപ്പം നിന്നു. ഞങ്ങൾക്ക് പരാതിയില്ലെന്ന് പറഞ്ഞപ്പോൾ അവളുടെ സഹപാഠികൾ അവൾക്ക് വേണ്ടി ശബ്ദമുയർത്തി. സ്‌കൂളിലെ അവസ്ഥകൾ പുറത്തുവന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക സ്‌കൂളുകളിലേക്കും സർക്കാറിന്റെ ശ്രദ്ധ പതിഞ്ഞു. മാളങ്ങൾ അടച്ചു. അവൾക്ക് സംഭവിച്ചത് പോലെ ഇനിയൊരു ജീവൻ നഷ്ടപ്പെടാതിരിക്കാൻ വയനാടിനൊരു മെഡിക്കൽ കോളജ് എന്ന ആവശ്യവുമായി ഇപ്പോഴും മുന്നോട്ടുപോകുന്നു.

പക്ഷേ, അത്യന്തം വേദനയോടെ പറയട്ടെ എന്റെ മോളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. അത് എന്ത് ലാഭത്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാൻ കഴിയില്ല. അവൾ ആർക്കും ആരുമല്ലാതിരിക്കാം, ഏതോ ഒരു കുട്ടിയുമായിരിക്കാം, പക്ഷേ ഞങ്ങൾക്ക് ഞങ്ങളുടെ ജീവനായിരുന്നു അവൾ. അവളില്ലാത്ത ഞങ്ങളുടെ രണ്ട് വീടുകളും ശ്മശാനമൂകമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top