പെരുമ്പാവൂർ അനസിനെ എൽജെപിയുടെ യുവജന വിഭാഗം ജനറൽ സെക്രട്ടറിയായി നിയമിച്ച സംഭവം; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

നിരവധി ക്രിമിനൽ കേസിൽ പ്രതിയും എൽജെപിയുടെ യുവജന വിഭാഗം ദേശീയ ജനറൽ സെക്രട്ടറിയുമായ പെരുമ്പാവൂർ അനസിനെതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്റെ പാർട്ടിയായ എൽജെപിയുടെ നേതൃ നിരയിൽ അനസ് എത്തിയതിനെക്കുറിച്ച് അന്വേഷിക്കും. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും നീക്കം തുടങ്ങി.
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പാവൂർ അനസിനെ കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്റെ പാർട്ടിയായ എൽജെപിയുടെ യുവജന വിഭാഗം ദേശീയ ജനറൽ സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, കളളത്തോക്ക് കൈവശം വയ്ക്കൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, സ്വർണ്ണക്കടത്ത് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനസ്.
ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അനസിന് ക്രിമിനൽ പശ്ചാത്തലമുള്ള യുവാക്കളുടെ നേതൃത്വത്തിൽ വൻ സ്വീകരണം ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അനസിനെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന എൽജെപിയുടെ നേതൃ നിരയിൽ അനസ് എത്തിയതിനെക്കുറിച്ചും ഈ പദവിയിലെത്താൻ അനസിനെ സഹായിച്ചയാളെക്കുറിച്ചും അന്വേഷിക്കും. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും നീക്കം തുടങ്ങി. ഡൽഹിയിലെ ഐബി യൂണിറ്റിനാണ് അന്വേഷണ ചുമതല.
നിലവിൽ കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, കള്ള തോക്ക് കൈവശം വയ്ക്കൽ തുടങ്ങിയ കേസിൽ വിചാരണ നേരിടുകയാണ് അനസ്. കേന്ദ്ര ഏജൻസികൾ അടക്കം നിരീക്ഷിക്കുന്ന ഗുണ്ടാ നേതാവിന്റെ രാഷ്ട്രീയ പ്രവേശനം ഏവരെയും ഞെട്ടിച്ചിരുന്നു.
Story Highlights: LJP, Permbavoor Anas, Investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here