ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; 16കാരൻ പാക് പേസർക്ക് റെക്കോർഡ്

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് പാക് യുവതാരത്തിന്. പാക് പേസർ നസീം ഷാ ആണ് ചരിത്രം തിരുത്തിക്കുറിച്ചത്. ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിലായിരുന്നു നസീം ഷാ റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയത്. 16 വയസ്സും 359 ദിവസവും ഉള്ളപ്പോഴാണ് നസീം ഷായുടെ റെക്കോർഡ് നേട്ടം.
മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിലാണ് നസീം ഷാ റെക്കോർഡിട്ടത്. ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാരായ നസ്മുല്‍ ഹൊസൈന്‍, തൈജുല്‍ ഇസ്ലാം, മഹ്മൂദുല്ല എന്നിവരെയാണ് നസീം ഷാ പുറത്താക്കിയത്. നസ്മുൽ ഹുസൈനും തൈജുൽ ഇസ്ലാമും വിക്കറ്റിനു മുന്നിൽ കുരുങ്ങിയപ്പോൾ മഹ്മൂദുല്ലയെ ഹാരിസ് സൊഹൈൽ കൈപ്പിടിയിലൊതുക്കി. നേരത്തെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും നസീം ഷാ സ്വന്തമാക്കിയിരുന്നു.
നേരത്തെ ബംഗ്ലാദേശ് സ്പിന്നർ അലോക് കപാലിക്കായിരുന്നു ഈ റെക്കോർഡ്. പാകിസ്താനെതിരെ തന്നെയായിരുന്നു കപാലി റെക്കോർഡിട്ടത്.
അതേ സമയം, മത്സരത്തിൽ പാകിസ്താൻ ആധിപത്യം തുടരുകയാണ്. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് 233ന് ഓൾ ഔട്ടായി. ഷഹീൻ അഫ്രീദി പാകിസ്താനു വേണ്ടി നാലു വിക്കറ്റെടുത്തു. 63 റൺസെടുത്ത മുഹമ്മദ് മിഥുൻ ആണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിൽ ബാബർ അസം (143), ഷാൻ മസൂദ് (100) എന്നിവരുടെ സെഞ്ചുറി മികവിൽ പാകിസ്താൻ 445 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശിന് 156 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. നസീം ഷാ ഹാട്രിക്ക് ഉൾപ്പെടെ നാലു വിക്കറ്റ് എടുത്തു.
Story Highlights: Youngest test hattrick naseem shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here