ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണി തുടങ്ങും. 21 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. ഒന്‍പത് മണിയോടെ ആദ്യഫല സൂചനകള്‍ ലഭ്യമാകും. 79 സ്ത്രീകളടക്കം 672 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മാറ്റുരച്ചത്. 70 അംഗ നിയമസഭയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കേജ്‌രിവാള്‍ 50ന് മുകളില്‍ സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചിരുന്നത്.
2015 നെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞ പോളിംഗണ് ഇത്തവണ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 2015-ല്‍ 67.12 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍, ഇത്തവണ 62.15 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടാതിരുന്നതും വിവാദമായിരുന്നു. ഒടുവില്‍ തെരഞ്ഞെടുപ്പ് അവസാനിച്ച് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് അന്തിമ പോളിംഗ് ശതമാനം പ്രഖ്യാപിച്ചത്.
അരവിന്ദ് കേജ്‌രിവാള്‍ വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ്‌പോളുകളും രാഷ്ട്രീയ വിശകലന വിദഗ്ധരും വിലയിരുത്തുന്നത്. അതേസമയം, എക്‌സിറ്റ് പോള്‍ പ്രവചനം തെറ്റുമെന്നും ഭൂരിപക്ഷം നേടുമെന്നുമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here