31 വർഷങ്ങൾക്കു ശേഷം ഒരു പരമ്പര തൂത്തുവാരൽ; ഇന്ത്യക്ക് പിഴച്ചതെവിടെ?

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടമായി. മൂന്നു മത്സരങ്ങളും വിജയിച്ച് ന്യൂസിലൻഡ് പരമ്പര തൂത്തുവാരിയപ്പോൾ ചില റെക്കോർഡുകൾ കൂടിയാണ് പഴങ്കഥയായത്. നീണ്ട 31 വർഷങ്ങൾ നീണ്ട ഇടവേളക്കു ശേഷമാണ് ഒരു ടീം, എല്ലാ മത്സരങ്ങളും നടന്ന ഒരു ഏകദിന പരമ്പരയിൽ ഇന്ത്യയെ തൂത്തുവാരുന്നത്. 1988-89 കാലഘട്ടത്തിൽ വെസ്റ്റ് ഇൻഡീസാണ് ഇതിനു മുൻപ് ഇന്ത്യക്കെതിരെ നേട്ടം കരസ്ഥമാക്കിയത്. 2006-07 കാലയളവിൽ ദക്ഷിണാഫ്രിക്ക ഒരു പരമ്പര തൂത്തുവാരിയിരുന്നു എങ്കിലും അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയിൽ ഇന്ത്യക്ക് എവിടെയാണ് പിഴച്ചത്?

1. ജസ്പ്രീത് ബുംറയുടെ മോശം ഫോം.

ഇന്ത്യക്ക് ഏറ്റവുമധികം തിരിച്ചടിയാകുന്നത് പ്രൈം ബൗളർ ജസ്പ്രീത് ബുംറയുടെ മോശം ഫോമാണ്. പരുക്കിനു ശേഷം ടീമിലെത്തിയ ബുംറ പഴയ ഫോമിൻ്റെ നിഴൽ പോലുമല്ല. അവസാനത്തെ 7 ഏകദിനങ്ങളിൽ നിന്ന് ബുംറ നേടിയത് രണ്ടേ രണ്ട് വിക്കറ്റുകളാണ്. ഈ പരമ്പരയിൽ ഒരു വിക്കറ്റ് പോലും ബുംറക്കില്ല. എക്കോണമിയും അത്ര മികച്ചതല്ല. ആദ്യ മത്സരത്തിൽ 10 ഓവറിൽ 53 വഴങ്ങിയ ബുംറ രണ്ടാം മത്സരത്തിൽ 64 റൺസ് വഴങ്ങി. ടീമിലെ ഏറ്റവും മോശം എക്കോണമി. ഈ മത്സരത്തിൽ വഴങ്ങിയത് 50 റൺസ്. ടി-20 ലോകകപ്പിലേക്ക് ഏറെ ദൂരമില്ലാത്ത ഈ സമയത്ത് ബുംറയുടെ മോശം ഫോം ഇന്ത്യക്ക് കടുത്ത തിരിച്ചടിയാകും. ഡെത്ത് ഓവറുകളിൽ ലെംഗ്തും വേരിയേഷനും കൊണ്ട് ബാറ്റ്സ്മാന്മാരെ കുഴപ്പിക്കുന്ന ബുംറയെ കാണാനില്ല. യോർക്കറുകൾ എറിയാൻ ബുംറ ശ്രമിക്കുന്നേയില്ല. സ്ലോ ബോളുകൾക്ക് കൃത്യത ലഭിക്കുന്നുമില്ല. ഫോം ഈസ് ടെമ്പററി, ക്ലാസ് ഈസ് പെർമനൻ്റ് എന്നായതു കൊണ്ട് ബുംറ എത്രയും വേഗം തിരികെ വരുമെന്ന് കരുതാം.

2. വിരാട് കോലിയുടെ മോശം ഫോം.

വിരാട് കോലിയുടെ മോശം ഫോം. അതെ, അങ്ങനെ ഒന്നുണ്ട്. കഴിഞ്ഞ 8 മത്സരങ്ങളിൽ നിന്ന് കോലി ഒരു സെഞ്ചുറി പോലും നേടിയിട്ടില്ല. ഓഗസ്റ്റ് 14ന് വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു കോലിയുടെ അവസാനത്തെ ഏകദിന സെഞ്ചുറി. കഴിഞ്ഞ മൂന്ന് പരമ്പരകളിൽ നിന്നായി കോലിക്ക് ആകെയുള്ളത് മൂന്ന് അർധസെഞ്ചുറികളാണ്. ഈ മൂന്ന് അർധസെഞ്ചുറികളിൽ ഒന്ന് ഈ പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു. ഇതും ഇന്ത്യക്ക് തിരിച്ചടിയായി. ബുംറയുടെ കാര്യം പറഞ്ഞതു പോലെ കോലിയും ഫോമിലേക്ക് തിരികെ എത്തുമെന്ന് കരുതാം.

3. രോഹിത് ശർമ്മയുടെയും ഹർദ്ദിക് പാണ്ഡ്യയുടെയും അഭാവം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി രോഹിത് ശർമ്മ ഇന്ത്യക്ക് ആരായിരുന്നു എന്ന് പറഞ്ഞറിയിക്കേണ്ടതില്ല. രോഹിത് പരുക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കടുത്ത വെല്ലുവിളി ആയിരുന്നു. അത് അതിജീവിക്കൻ ഓപ്പണർമാർക്ക് സാധിച്ചുമില്ല. മെല്ലെ തുടങ്ങി കൊടുങ്കാറ്റു പോലെ ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന രോഹിത് ശർമ്മ ഉണ്ടായിരുന്നെങ്കിൽ പരമ്പരഫലം ഒരുപക്ഷേ, മറ്റൊന്നായേനെ. രോഹിതിനെപ്പോലെ തന്നെ ഇന്ത്യക്കേറ്റ കനത്ത നഷ്ടമായിരുന്നു ഹർദ്ദിക് പാണ്ഡ്യയും. പാണ്ഡ്യക്ക് പകരക്കാരനായി പരീക്ഷിച്ച ശിവം ദുബെ സമ്പൂർണ്ണമായി പരാജയപ്പെട്ടപ്പോൾ പാണ്ഡ്യയുടെ വില ടീം മാനേജ്മെൻ്റ് മനസ്സിലാക്കിയിട്ടുണ്ടാവണം. പന്തു കൊണ്ടും ബാറ്റു കൊണ്ടുമുള്ള സംഭാവനകൾക്കൊപ്പം ഫീൽഡീൽ പാണ്ഡ്യ നടത്തുന്ന പ്രകടനങ്ങളും ഇന്ത്യ മിസ് ചെയ്തു. ലോവർ ഓർഡറിൽ ഒരു എക്സ്പ്ലോസിവ് ബാറ്റ്സ്മാൻ്റെ അഭാവം ഇന്ത്യക്ക് നന്നായി ഉണ്ടായിരുന്നു.

4. ഓപ്പണർമാരുടെ പരാജയം.

ഇന്ത്യയുടെ രണ്ട് സ്ഥിര ഓപ്പണർമാർ -രോഹിത് ശർമ്മയും ശിഖർ ധവാനും- പുറത്തായപ്പോൾ ഇന്ത്യ പൃഥി ഷാ-മായങ്ക് അഗർവാൾ എന്ന പുതിയ ഓപ്പണിംഗ് ജോഡിയെ ആണ് പരീക്ഷിച്ചത്. അത് വിജയം കണ്ടില്ല. 50, 21, 8 എന്നിങ്ങനെയാണ് പരമ്പരയിലെ ഓപ്പണിംഗ് കൂട്ടുകെട്ടുകൾ. 20, 24, 40 എന്നിങ്ങനെ പൃഥ്വി ഷാ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചപ്പോൾ 32, 3, 1 എന്നിങ്ങനെ അഗർവാൾ നിരാശപ്പെടുത്തി.

5. ശർദ്ദുൽ താക്കൂർ.

കഴിഞ്ഞ ആറു മത്സരങ്ങളിൽ ശർദ്ദുൽ താക്കൂറിൻ്റെ എക്കോണമി റേറ്റ് 7.58 ആണ്. 51 ഓവറുകളാണ് താക്കൂർ എറിഞ്ഞത്. തുടർച്ചയായി മോശം ഫോം കാഴ്ച വെക്കുമ്പോഴും താക്കൂർ വീണ്ടും എങ്ങനെ ടീമിൽ ഇടം നേടുന്നു എന്നത് മനസ്സിലാക്കാൻ സാധിക്കുന്നില്ല. വിരാട് കോലി പറഞ്ഞത്, ‘അയാൾക്ക് ബാറ്റ് ചെയ്യാനറിയാം. അത് അയാൾക്ക് ഗുണമാണ്’ എന്നായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുള്ള ഒരു ടീമിൻ്റെ നായകനാണ് ബാറ്റ് ചെയ്യാനറിയാം എന്നതു കൊണ്ട് മറ്റുള്ളവരെ തഴഞ്ഞ് ഒരു ശരാശരി ബൗളറെ ടീമിലെടുത്തു എന്ന് പറയുന്നത്. ഇന്ത്യൻ ബാറ്റിംഗ് നിരക്ക് തന്നെ ഈ പരാമർശം ഒരു അപമാനമാണ്. ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിൻ്റെയുമൊക്കെ വാലറ്റം ബാറ്റ് ചെയ്യും. പക്ഷേ, അവരുടെ ഡ്യൂട്ടി പന്തെറിയുക എന്നത് തന്നെയാണ്. ബൗളർക്ക് പന്തേറ് മുഖ്യം ബിഗിലേ! ബൗളറുടെ ബാറ്റിംഗ് ബോണസാണ്. അത് ഒരിക്കലും സെലക്ഷൻ പ്രോസസ് ആവൻ പാടില്ല. സെയ്നി ബാറ്റ് ചെയ്യുന്നത് കണ്ട് കോലി പറഞ്ഞതും അട്ടർ നോൺസൻസാണ്. അടുത്ത കപിൽ ദേവ് എന്ന് നാമകരണം ചെയ്ത് ഓപ്പണിംഗിൽ വരെ ബാറ്റിംഗിന് ഇറക്കി തുലച്ചു കളഞ്ഞ, ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു സ്വിംഗ് ബൗളർ ഉണ്ടായിരുന്നു, ഇർഫാൻ പത്താൻ. സെയ്നിയുടെ കാര്യത്തിൽ ആ ഓർമ്മ ഉണ്ടായാൽ നന്ന്.

6. വർക്ക്‌ലോഡ്

കോലിയും രാഹുലും പറഞ്ഞതു തന്നെയാണ്. കളിക്കാർക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നില്ല. പരമ്പരകൾക്കിടയിൽ സമയം ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യയുടെ നാല് ഫൈനൽ ഇലവൻ കളിക്കാരാണ് പരുക്ക് പറ്റി പുറത്തിരിക്കുന്നത്. ബിസിസിഐ കളിക്കാരുടെ ആരോഗ്യം കൂടി കണക്കിലെടുക്കണം. അല്ലെങ്കിൽ റൊട്ടേഷൻ പോളിസി നടപ്പിലാക്കണം.

ഇനി പരമ്പരയിൽ ഇന്ത്യക്ക് ലഭിച്ച ഏറ്റവും വലിയ രണ്ട് നേട്ടങ്ങൾ ലോകേഷ് രാഹുലും ശ്രേയസ് അയ്യരുമാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ ഏറെ ആശങ്കപ്പെട്ട അഞ്ചാം നമ്പരും ഒപ്പം നാലാം നമ്പരും ഇരുവരും ചേർന്ന് സീൽ ചെയ്തു കഴിഞ്ഞു. കോലിയും ഓപ്പണർമാരും മങ്ങിയിട്ടും ഇന്ത്യയെ തരക്കേടില്ലാത്ത സ്കോറുകളിൽ എത്തിച്ചത് ഇരുവരും ചേർന്നാണ്. മധ്യനിര സെറ്റാണ്. രോഹിതും ധവാനും വരുന്നതോടെ ഓപ്പണിംഗും സെറ്റായേക്കും. ഷമിയും ഭുവനേശ്വർ കുമാറും എത്തുന്നതോടെ ബൗളിംഗും സെറ്റാകുമായിരിക്കും. പിന്നെ, ഹർദ്ദിക് പാണ്ഡ്യയും ഉണ്ടല്ലോ. ലോകകപ്പിനു മുൻപ് എല്ലാം സെറ്റാകുമായിരിക്കും.

Story Highlights: India, New Zealand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top