മൂന്നു തവണ നഷ്ടമായി; നാലാം തവണ കൈപ്പിടിയൊലൊതുക്കി: വാക്വിൻ ഫീനിക്സ് ഓസ്കറിലൂടെ പറയുന്നത്

മൂന്നു തവണയാണ് വാക്വിൻ ഫീനിക്സിന് കപ്പിനും ചുണ്ടിനുമിടയിൽ ഓസ്കർ നഷ്ടമായത്. ഗ്ലാഡിയേറ്റർ, വാക്ക് ദ ലൈൻ, മാസ്റ്റർ എന്നീ സിനിമകളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഒടുവിൽ ജോക്കറിലൂടെ ഇത്തവണ വാക്വിൻ മനോഹരമായ ഓസ്കർ ട്രോഫി കൈപ്പിടിയിലൊതുക്കി. ഗ്ലാഡിയേറ്ററിലെ കമ്മോഡസിനും വാക്ക് ദ ലൈനിലെ ജോണി കാഷിനും ദി മാസ്റ്ററിലെ ഫ്രെഡി ക്വില്ലിനും സാധിക്കാത്തത് ജോക്കറിനു സാധിച്ചു. ഈ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ എന്ന വിശേഷണം പേറുന്ന വാക്വിൻ ഒരു ഓസ്കർ ഇല്ലാതെ തൻ്റെ കരിയർ അവസാനിപ്പിക്കുമോ എന്ന ആശങ്കക്കും ഇതോടെ വിരാമമായി.
അഞ്ച് മക്കളാണ് ജോൺ ലീ ബോട്ടമിനും അർലിൻ ഷാരോൺ ഫീനിക്സിനും ഉണ്ടായിരുന്നത്. റിവർ, റൈൻ, ലിബർട്ടി, സമ്മർ എന്നിവർക്കൊപ്പം വാക്വിൻ കൂടി അവർക്കുണ്ടായി. സഹോദരങ്ങളുടെ പേരു പോലെ പ്രകൃതിയുമായി ബന്ധമുള്ളൊരു പേര് പരതിയ വാക്വിൻ, ലീഫ് എന്ന പേര് സ്വീകരിച്ചു. നടനത്തിൻ്റെ ആദ്യ വർഷങ്ങളിൽ ലീഫ് ഫീനിക്സ് എന്നായിരുന്നു വാക്വിൻ അറിയപ്പെട്ടിരുന്നത്. 15ആം വയസ്സിൽ ആ പേര് മാറ്റി അദ്ദേഹം വാക്വിൻ എന്ന പേരിൽ തുടർന്നു.
വാക്വിൻ ഉൾപ്പെടെ എല്ലാ മക്കളും കലാകാരന്മാരായിരുന്നു. എട്ടാം വയസ്സിൽ സഹോദരൻ റിവറിനൊപ്പം വാക്വിൻ ഒരു ടിവി പരമ്പരയിൽ വേഷമിട്ടു. അതായിരുന്നു തുടക്കം. വീണ്ടും ചില ടിവി പരമ്പരകളിൽ വാക്വിൻ്റെ മുഖം കണ്ടു. 1985ലെ കിഡ്സ് ഡോണ്ട് ടെൽ ആയിരുന്നു ആദ്യ സിനിമ. ഹോം സിനിമയായി പുറത്തിറങ്ങിയ കിഡ്സ് ഡോണ്ട് ടെല്ലിനു ശേഷം വാക്വിൻ 1986 ലെ സ്പേസ്ക്യാമ്പ് എന്ന സിനിമയിൽ അഭിനയിച്ചു. ഇതായിരുന്നു തീയറ്റർ റിലീസായ ആദ്യ സിനിമ. 1989ലെ പേരൻ്റ്‌ഹുഡ് എന്ന സിനിമയിലെ കഥാപാത്രത്തിന് ലഭിച്ച മികച്ച യുവതാരത്തിനുള്ള നാമനിർദ്ദേശം പല നാമനിർദ്ദേശങ്ങൾക്കുമുള്ള തുടക്കമായി.
1995ൽ പുറത്തിറങ്ങിയ ടു ഡൈ ഫോർ എന്ന സിനിമയിലെ ജിമ്മി എമ്മറ്റ്, വാക്വിന് ഒട്ടേറെ അനുമോദനങ്ങൾ നേടിക്കൊടുത്തു. 2000ൽ ഗ്ലാഡിയേറ്റർ പുറത്തിറങ്ങിയതോടെ വാക്വിൻ്റെ തലവര മാറി. ചിത്രത്തിന് ആകെ ലഭിച്ചത് 12 ഓസ്കർ നാമനിർദ്ദേശങ്ങളായിരുന്നു. മികച്ച സഹനടനെന്ന പുരസ്കാരത്തിന് വാക്വിനും കിട്ടി നാമനിർദ്ദേശം. പക്ഷേ, അവാർഡ് കിട്ടിയില്ല. ഒപ്പം ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും ലഭിച്ചു. ആ വർഷം തന്നെ ക്വിൽസ് എന്ന സിനിമയിലെ അഭിനയത്തിന് രണ്ട് പുരസ്കാരങ്ങൾ.
നാമനിർദ്ദേശങ്ങളും അവാർഡുകളും തുടർക്കഥയായി. ബഫല്ലോ സോൾജിയേഴ്സ് (2001), സൈൻസ് (2002), ഹോട്ടൽ റുവാണ്ട (2004), വാക്ക് ദ ലൈൻ (2005) എന്നിങ്ങനെ ഒട്ടേറെ മികച്ച സിനിമകൾ. വാക്ക് ദ ലൈനിലെ ജോണി കാഷിന് ഗോൾഡൻ ഗ്ലോബും മികച്ച നടനുള്ള ഓസ്കർ നാമനിർദ്ദേശവും. 2012ലെ ദി മാസ്റ്റർ എന്ന സിനിമയിലെ ഫ്രെഡി ക്വില്ലിനും കിട്ടി മികച്ച നടനുള്ള ഓസ്കർ നാമനിർദ്ദേശം.
ആംനസ്റ്റി ഇൻ്റർനാഷണൽ ഉൾപ്പെടെ വിവിധ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന വാക്വിൻ മൃഗസ്നേഹികൾക്കുള്ള സംഘടനകളിലും അംഗമാണ്. മൃഗസംരക്ഷണത്തിനായി ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നുമുണ്ട്.
Story Highlights: Joaquin Phoenix story of oscars
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here