പകരംവീട്ടി ന്യുസീലന്റ്, ഏകദിന പരമ്പര ‘ക്ലീന്‍ സ്വീപ്പ് ‘

ടി 20 പരമ്പരയിലെ തോല്‍വിക്ക് പകരംവീട്ടി ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ തൂത്തുവാരി ന്യുസീലന്റ്.  പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിനാണ് കിവീസ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 47.1 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന് മത്സരങ്ങളുണ്ടായിരുന്ന ഏകദിന പരമ്പര 3-0 ന് കിവീസ് സ്വന്തമാക്കി.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ഹെന്റി നിക്കോള്‍സും മാര്‍ട്ടിന്‍ ഗുപ്റ്റിലും നല്‍കിയ മികച്ച തുടക്കം  കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായി. 103 പന്തുകള്‍ നേരിട്ട നിക്കോള്‍സ് ഒന്‍പത് ബൗണ്ടറികളോടെ 80 റണ്‍സെടുത്തു. മറുവശത്ത് തകര്‍ത്തടിച്ച ഗുപ്റ്റില്‍ 46 പന്തില്‍ നിന്ന് നാലു സിക്സും ആറ് ബൗണ്ടറിയുമടക്കം 66 റണ്‍സെടുത്തു. ഇരുവരും കൂട്ടിച്ചേര്‍ത്ത 106 റണ്‍സ് കൂട്ടുകെട്ടാണ് കിവീസ് ഇന്നിംഗ്‌സിന് കരുത്തായത്. പിന്നീട് ഗുപ്റ്റിലിനെ ചാഹല്‍ ബൗള്‍ഡാക്കുകയായിരുന്നു. 27 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയുമടക്കം 54 റണ്‍സെടുത്ത കോളിന്‍ ഡെ ഗ്രാന്‍ഡ്ഹോം ന്യുസീലന്റിന്റെ വിജയം ഉറപ്പിച്ചു.

ഇന്ത്യന്‍ നിരയില്‍ ലോകേഷ് രാഹുല്‍ ഒന്‍പത് ബൗണ്ടറിയും ഒരു സിക്സറും അടക്കം 104 പന്തില്‍ നേടിയ സെഞ്ചുറിയാണ് ഇന്ത്യന്‍ ബാറ്റിംഗിലെ ഹൈലൈറ്റ്. മൂന്നാം ഏകദിനത്തിലും ഓപ്പണര്‍മാരുടെ പ്രകടനം പ്രതീക്ഷിച്ചത്ര മികവുറ്റതല്ലാതായപ്പോള്‍ ഫോമില്‍ തുടരുന്ന ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ നേടാന്‍ സഹായകരമായത്. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി നേടി. മധ്യനിര ബാറ്റ്സ്മാന്‍ മനീഷ് പാണ്ഡേയും ബാറ്റിംഗില്‍ തിളങ്ങി. ഓപ്പണര്‍ പൃഥ്വി ഷാ (42 പന്തില്‍ 40) മികച്ച തുടക്കം കുറിച്ചെങ്കിലും മായങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ വിരാട് കോലിയും നിരാശരാക്കി.

 

Story Highlights-   india vs New Zealand , odi series

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top