രോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 15 മരണം

ബംഗാൾ ഉൾക്കടലിൽ ബോട്ട് മുങ്ങി 15 രോഹിങ്ക്യൻ അഭയാർത്ഥികൾ മരിച്ചു. അമ്പതോളം പേരെ കാണാതായി. ബംഗ്ലാദേശിൽ നിന്ന് മലേഷ്യയിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപെട്ടത്.
ബംഗാൾ ഉൾക്കടലിലെ സെന്റ് മാർട്ടിൻ ദ്വീപിനടുത്താണ് ബോട്ട് മറിഞ്ഞത്. ഏതാണ്ട് 130 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം കുട്ടികളുടെയും സ്ത്രീകളുടെതുമാണ്. കാണാതായവർക്കായി ബംഗ്ലാദേശ് കോസ്റ്റ് ഗാർഡും നാവിക സേനയും സംയുക്തമായി തെരച്ചിൽ നടത്തുന്നുണ്ട്. എഴുപതോളം പേരെ രക്ഷപ്പെടുത്തിയതായി ബംഗ്ലാദേശ് കോസ്റ്റ്ഗാർഡ് വക്താവ് ഹമീദുൽ ഇസ്ലാം അറിയിച്ചു. അമിതഭാരമാണ് ബോട്ട് മുങ്ങാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിലെ രോഹിങ്ക്യരുമായി മലേഷ്യയിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപെട്ടത്. 2017 ൽ മ്യാൻമർ സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് ലക്ഷക്കണക്കിന് രോഹിങ്ക്യൻ മുസ്ലിംങ്ങൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. അഭയാർത്ഥി ക്യാമ്പുകളിലെ ദുസ്സഹമായ സാഹചര്യങ്ങളെ തുടർന്നാണ് മലേഷ്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ഇവർ പലായനം ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here