നിപ മരണം: മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. കോഴിക്കോട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചു.
പൊതുജനങ്ങൾ പരമാവധി കൂട്ടം കൂടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. മക്കരപറമ്പ് – ഒന്ന് മുതൽ 13 വരെ വാർഡുകൾ, കൂടിലങ്ങാടി-11, 15 വാർഡുകൾ, മങ്കട – 14-ാം വാർഡ്, കുറുവ – 2, 3, 5, 6 വാർഡുകൾ എന്നിവിടങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയിരിക്കുന്നത്. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Read Also: സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ മൂലമെന്ന് സ്ഥിരീകരണം
കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച മരിച്ച 18കാരിയുടെ സാമ്പിൾ പൊസിറ്റീവാണ്. പ്രാഥമിക പരിശോധന ഫലം പൊസിറ്റീവായതോടെ സാമ്പിൾ, പൂനെയിലേക്ക് അയക്കുകയായിരുന്നു. യുവതിയെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഉൾപ്പെടെ മൂന്ന് ജീവനക്കാർ വീട്ടിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസം 28നാണ് അതീവഗുരുതരാവസ്ഥയിൽ 18കാരിയെ കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിച്ചത്. ഒന്നാം തീയതിയാണ് യുവതി മരിച്ചത്.
പാലക്കാട് നാട്ടുകൽ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെ അടക്കം ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വീടിന്റെ പരിസരത്ത് വവ്വാലുകളുടെ ശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി. സംസ്ഥാനത്ത് സമ്പർക്ക പട്ടികയിൽ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
Story Highlights : Nipah death: 20 wards in Malappuram declared as containment zones
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here