ആം ആദ്മി ജയിച്ചതിനു പിന്നാലെ ഷഹീൻ ബാഗ് സമരപ്പന്തൽ ശൂന്യമായോ?; ബിജെപി ഐടി സെൽ തലവനടക്കം പങ്കു വെച്ചത് വ്യാജ വാർത്ത

തുടർച്ചയായ മൂന്നാം തവണയും രാജ്യതലസ്ഥാനത്ത് ആം ആദ്മി പാർട്ടി അധികാരത്തിലേറി. മറ്റെല്ലാം തള്ളിക്കളഞ്ഞ് അരവിന്ദ് കെജ്‌രിവാൾ എന്ന തങ്ങളുടെ നേതാവിനെ ഡൽഹിക്കാർ വീണ്ടും വിശ്വസിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഉപയോഗിച്ച വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഷഹീൻ ബാഗ്. തങ്ങൾ അധികാരത്തിലേറിയാൽ ഷഹീൻ ബാഗ് പൊളിക്കുമെന്നും അവിടെയുള്ളത് ദേശവിരുദ്ധരാണെന്നുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും അവർ പ്രഖ്യാപിച്ചു.

എന്നാൽ ജനം അത് തള്ളിയെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പക്ഷേ, പ്രചാരണം അവസാനിച്ചിട്ടില്ല. ആം ആദ്മി പാർട്ടിയുടെ വിജയത്തോടെ ഷഹീൻ ബാഗ് സമരപ്പന്തൽ ശൂന്യമായി എന്ന തരത്തിലുള്ള ഒരു ചിത്രം പങ്കുവെച്ചാണ് പുതിയ പ്രചാരണം.

 

 

സിഎഎ വിരുദ്ധ പോരട്ടത്തിൽ ഇന്ത്യയുടെ മുഖമായിരുന്നു ഷഹീൻ ബാഗ്. സ്ത്രീകൾ നയിച്ച പ്രതിഷേധങ്ങൾ രാജ്യത്തിൻ്റെ സ്വരമായി മാറിയപ്പോൾ കേന്ദ്രത്തിന് പറഞ്ഞ വാക്ക് തിരുത്തേണ്ടി വന്നു. എൻആർസി രാജ്യവ്യാപകമായി നടപ്പാക്കും എന്നാവർത്തിച്ചു കൊണ്ടിരുന്ന അമിത് ഷാ കഴിഞ്ഞ ദിവസം വാക്ക് മാറ്റി.

ഇതിനൊക്കെ കാരണമായ ഷഹീൻ ബാഗ് ഒഴിഞ്ഞു എന്നാണ് പ്രചാരണം നടക്കുന്നത്.

യുപി മാധ്യമമായ അമർ ഉജാലയാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഒരു ചിത്രവും അവർ വാർത്തക്കൊപ്പം നൽകിയിരുന്നു.

തീവ്രവലതു പക്ഷ മാധ്യമമായ ഓപ് ഇന്ത്യ ഇത് ഏറ്റെടുത്തു. ഡെൽഹിയിൽ ആം ആദ്മി അധികാരത്തിലേറിയതിനെത്തുടർന്ന് ഷഹീൻ ബാഗ് കാലിയായി എന്നായിരുന്നു അവരുടെ തലക്കെട്ട്. അതായത് സമരം, ആം ആദ്മിയുടെ ഇലക്ഷൻ സ്റ്റണ്ടാണ് എന്നായിരുന്നു പ്രചാരണം.

മുൻപും പല വ്യാജവാർത്തകൾ പ്രചരിപ്പിച്ച് വിവാദത്തിലായ ബിജെപി ഐടിസെൽ തലവൻ അമിത് മാളവ്യ ഓപ് ഇന്ത്യയുടെ വാർത്ത ട്വീറ്റ് ചെയ്തു.

ആം ആദ്മി വിജയിച്ചതിനെത്തുടർന്ന് പ്രതിഷേധക്കാർ വീട്ടിലേക്ക് മടങ്ങി എന്നായിരുന്നു അമിത് മാളവ്യ ആർട്ടിക്കിൾ പങ്കുവെച്ച് ട്വീറ്റിൽ കുറിച്ചത്. ഇത് പല ആളുകളും റീട്വീറ്റ് ചെയ്യുകയും ചില ഓൺലൈൻ മീഡിയകൾ ഏറ്റെടുക്കുകയും ചെയ്തു.

ഇനി ഈ വാർത്തയിലെ സത്യം. ചിത്രം ഷഹീൻ ബാഗിലേഗ് തന്നെയാണ്. ഡൽഹി തെരഞ്ഞെടുപ് ഫലം വന്ന ദിവസത്തെ ചിത്രം തന്നെയാണിത്. എന്നാൽ സമയമാണ് പ്രശ്നം. ഈ ചിത്രം എടുത്തിരിക്കുന്നത് പുലർച്ചെ 8 മണിയോടടുത്താണ്. ഷഹീൻ ബാഗ് പ്രതിഷേധം കവർ ചെയ്യുന്ന ദി ക്വിൻ്റിൻ്റെ ഫോട്ടോഗ്രാഫർ അകൻക്ഷ കുമാറും സമാനമായ ചിത്രം എടുത്തിരുന്നു.

9 മണിയോടെ ആളുകൾ വന്നു തുടങ്ങിയെന്നും ഉച്ചക്ക് 12 മണിയോടെ അവിടെ നൂറുകണക്കിനു പേർ നിറഞ്ഞു എന്നും അകൻക്ഷ പറഞ്ഞു.

രാത്രി ഏഴ് മണിക്കുള്ള ചിത്രങ്ങളും അകൻക്ഷ പോസ്റ്റ് ചെയ്തിട്ടുണ്ട്.

55 ദിവസമായി ഷഹീൻ ബാഗിൽ തുടരുന്ന പ്രതിഷേധം പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അത് ഒരു തെരഞ്ഞെടുപ്പ് തന്ത്രമാക്കിയതും വ്യാജവാർത്ത പ്രചരിപ്പിക്കുന്നതും.

Story Highlights: 24 Fact Check, Shaheen Bagh, Fake News

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top