ഡൽഹി തെരഞ്ഞെടുപ്പിലെ താരമായി കന്നിയങ്കത്തിൽ വിജയ കിരീടം ചൂടിയ രാഘവ് ചഡ്ഢ

62 സീറ്റുകൾ നേടി തകർപ്പൻ വിജയത്തോടെ കേജ്‌രിവാൾ സർക്കാർ അധികാരത്തിലേക്ക് തിരിച്ചെത്തുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമങ്ങളെ കാണാൻ സ്ഥാനാർത്ഥികൾക്കൊപ്പം കേജ്‌രിവാളെത്തിയപ്പോൾ ചിലരുടേയെങ്കിലും കണ്ണുടക്കിയത് തൊട്ടുപിന്നിൽ നിൽക്കുന്ന യുവാവിലാണ്…മുപ്പത്തിയൊന്നുകാരനായ രാഘവ് ചഡ്ഢയിൽ !

2000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രജീന്ദർ നഗർ മണ്ഡലത്തിൽ നിന്നാണ് രാഘവ് ചഡ്ഢ വിജയിച്ചു കയറിയത്. ചാർട്ടേർഡ് അക്കൗണ്ടന്റാണ് രാഘവ്. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ രാഘവ് ഇന്റർനാഷ്ണൽ ടാക്‌സ് ആന്റ് ട്രാൻസ്ഫർ പ്രൈസിംഗിലാണ് സ്‌പെഷ്യലൈസ് ചെയ്തത്. 2015ൽ മനീഷ് സിസോദിയ ധനമന്ത്രിയായിരുന്ന സമയത്ത് സാമ്പത്തിക ഉപദേഷ്ടാവായി രാഘവിനെ നിയമിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം ‘രജീന്ദർ നഗറിന്റെ മകൻ’ എന്ന് സ്വയം അഭിസംബോധന ചെയ്തുകൊണ്ടാണ് രാഘവ് പ്രചാരണം നടത്തിയത്. ‘പാണ്ഡവ് നഗർ മുതൽ കരോൾ ബാഗ് വരെയുള്ള പ്രദേശത്താണ് ഞാൻ ജീവിച്ചത്. ഇന്ന് എന്റെ ജന്മനാട് തന്നെ ന്റൈ തൊഴിലിടമായി’- രാഘവ് പറയുന്നു. അമ്മ അൽക്ക ചഡ്ഢയും രാഘവിനൊപ്പം പ്രചരണത്തിനിറങ്ങിയിരുന്നു.

രാഘവ് ചഡ്ഢയടക്കം 16 കന്നി എംഎൽഎമാരാണ് ഇത്തവണ ആം ആദ്മി പാർട്ടയിൽ നിന്നുണ്ടാവുക.

കൽകാജി മണ്ഡലത്തിൽ നിന്ന് 11, 393 വോട്ടുകൾക്ക് വിജയിച്ച അതീഷിയാണ് മറ്റൊരു മുഖം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഗൗതം ഗംഭീറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ആംആദ്മിയുടെ പ്രീതി തോമറാണ് പുതുമുഖ പട്ടികയിലെ അടുത്ത താരം. ത്രി നഗർ സീറ്റിൽ മത്സരിച്ച പ്രീതി ബിജെപിയുടെ തിലക് രാം ഗുപ്തയെ 10,700 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ത്രി നഗറിലെ സിറ്റിംഗ് ആംആദ്മി പാർട്ടി എംഎൽഎയുടെ ഭാര്യയാണ് പ്രീതി തോമർ.

വ്യാജ വിദ്യാഭ്യാസ രേഖകൾ നൽകിയതിന് തോമർ മത്സരിച്ച 2015ലെ തെരഞ്ഞെടുപ്പ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടി പ്രീതി തോമറിനെ കളത്തിലിറക്കിയത്.

ബിജെപിയുടെ രാജ് കുമാറിനെ 17,907 വോട്ടുകൾക്ക് പിന്തള്ളിയാണ് എഎപിയുടെ കുൽദീപ് കുമാർ വിജയിച്ചത്. സീലംപൂർ മണ്ഡലത്തിലെ അബ്ദുൽ റഹ്മാൻ, ഗോകൽപൂർ മണ്ഡലത്തിലെ സുരേന്ദ്ര കുമാർ, ഭവാന മണ്ഡലത്തിലെ ജയ് ഭഗ്വാൻ, പട്ടേൽ നഗറിലെ രാജ് കുമാർ, ത്രിലോക്പുരിയിലെ രോഹിത് കുമാർ ന്നെിവരും കന്നി എംഎൽഎമാരാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top