ട്രംപിന്റെ ഇന്ത്യാ സന്ദർശനം; ചേരികൾ മതിൽ കെട്ടി മറയ്ക്കാനൊരുങ്ങി കേന്ദ്രം

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി അഹമദാബാദിലെ ചേരികൾ മതി കെട്ടി മറയ്ക്കാനൊരുങ്ങുന്നു. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജിലേക്കുള്ള വഴിയരികിലെ ചേരികള്‍ മറയ്ക്കാനായുള്ള മതിലിൻ്റെ നിര്‍മാണം ആരംഭിച്ചു എന്നാണ് റിപ്പോർട്ട്. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
അഞ്ഞൂറോളം കുടിലുകളെയാണ് മതിൽ കെട്ടി മറക്കാനൊരുങ്ങുന്നത്. ഏതാണ്ട് 2500ഓളം ആളുകൾ ഈ വീടുകളിൽ താമസിക്കുന്നുണ്ട്. ചേരി പ്രദേശം മറച്ചുകൊണ്ട് അര കിലോമീറ്ററോളം ദൂരത്തിലുള്ള മതിലിൻ്റെ പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏതാണ്ട് 6-7 അടി ഉയരത്തിലുള്ളതാണ് മതിൽ. അഹമദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മതിലിനൊപ്പം വഴിയരികിൽ ഈന്തപ്പനകളും വെച്ചുപിടിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമൊദിക്കൊപ്പം ട്രംപിൻ്റെ റോഡ് ഷോ കടന്നു പോകുന്ന പാതയാണിത്. വർഷങ്ങളായി നവീകരിക്കാതെ കിടക്കുന്ന 16 റോഡുകൾ ടാറിട്ട് മെച്ചപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. അതിനുള്ള പ്രവർത്തനങ്ങളും നടക്കുകയാണ്. പാതയോരത്ത് വഴിവിളക്കുകൾ പിടിപ്പിക്കാനും കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്. ഈ മോടി പിടിപ്പിക്കലിലെല്ലാം കൂടി 50 കോടി രൂപ ചെലവു വരുമെന്നാണ് കണക്കുകൂട്ടൽ.
ഈ മാസം 24നാണ് ട്രംപ് ഇന്ത്യയിൽ എത്തുക. ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ നേരത്തെ നയതന്ത്ര ചർച്ചകൾ നടത്തി വരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ റിപബ്ലിക് ദിന പരേഡിൽ മുഖ്യ അതിഥിയായി ഇന്ത്യ ട്രംപിനെ ക്ഷണിച്ചെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ ട്രംപ് ക്ഷണം നിരസിക്കുകയായിരുന്നു.
Story Highlights: Donald Trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here