ഇന്നത്തെ പ്രധാന വാർത്തകൾ (13.02.2020)

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം : സുപ്രിംകോടതി
സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം അവസാനിപ്പിക്കണമെന്ന ഹർജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്ന വിധം വർധിച്ചു വരികയാണെന്ന് കോടതി നിരീക്ഷിച്ചു
രാജ്യത്തെ പണപ്പെരുപ്പം ആറ് വർഷത്തിനിടയിലെ ഉയർന്ന നിരക്കിൽ
ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം രാജ്യത്തെ പണപ്പെരുപ്പം ഉയർന്ന നിരക്കിൽ. ജനുവരിയിൽ 7.59 ശതമാനമായി ഉയർന്ന് ആറു വർഷത്തിനിടയിലെ ഉയർന്ന നിരക്കിലെത്തി. 2109 ഡിസംബറിൽ ഇത് 7.35 ശതമാനമായിരുന്നു.എന്നാൽ, പണപ്പെരുപ്പം നാലുശതമാനമായി നിജപ്പെടുത്താനാണ് റിസർവ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. പച്ചക്കറി, ധാന്യങ്ങൾ തുടങ്ങിയവയുടെ വിലയിലുണ്ടായ വർധനവാണ് പണപ്പെരുപ്പം ഉയരാൻ കാരണമായത്.
കെൽട്രോണിനെ മറയാക്കി കേരളാ പൊലീസിൽ ഉപകരാറിന് നീക്കം; ബെഹ്റയ്ക്കെതിരെ സിഎജി റിപ്പോർട്ട്
സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി കേരളാ പൊലീസ് നടപ്പിലാക്കിയ സിംസ് പദ്ധതിയിലും തിരിമറിയെന്ന് സൂചന. പൊലീസ് നടപ്പിലാക്കുന്ന പദ്ധതിയുടെ ലാഭം കൊയ്യുന്നത് സ്വകാര്യ കമ്പനിയെന്ന് ആരോപണം.
കെൽട്രോണിന്റെ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത പദ്ധതി നിലവിൽ നടത്തുന്നത് ഗാലക്സൺ എന്ന സ്ഥാപനം. കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കാനും എസ്പിമാർക്ക് നിർദേശമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ സിസിടിവിയുടെ സെർവറുകളും സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് മോഷണവും മറ്റും തടയുന്നതിനുള്ള പദ്ധതിയാണ് സിംസ്.
കാലടി സംസ്കൃത സർവകലാശാലയിൽ സംവരണ അട്ടിമറി; ചട്ടലംഘനം നടന്നതായി എസ്സി- എസ്ടി സെൽ
കാലടി സംസ്കൃത സർവകലാശാലയിൽ സംവരണ അട്ടിമറി. എസ്എഫ്ഐ നേതാവിന് ക്രമ വിരുദ്ധമായി മലയാളം പിഎച്ച്ഡി പ്രവേശനം നൽകിയെന്നാണ് ആക്ഷേപം. സംവരണ മാനദണ്ഡം പാലിച്ചില്ലെന്ന് എസ്സി- എസ്ടി സെല്ലിന്റെ റിപ്പോർട്ട്. വീഴ്ച മലയാള വിഭാഗം മേധാവിയുടെ ഭാഗത്ത് നിന്നെന്ന് കണ്ടെത്തൽ. മലയാളം വിഭാഗത്തിലേക്ക് ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചതിനു പിന്നാലെ 15 പേർക്ക് പ്രവേശനം നൽകിയതിനെ തുടർന്നാണ് പ്രവേശന സീറ്റിൽ അട്ടിമറി നടന്നിട്ടുള്ളതായി കണ്ടെത്തിയത്.
news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here