ഇന്റര്‍നെറ്റില്‍ എന്തുമാകാം എന്ന് കരുതരുത്; എല്ലാം ‘കാണുന്നവര്‍’ കൊച്ചിയിലും ‘വലവിരിക്കുന്നു’

പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പില്‍ വരുത്തിയ സൈബര്‍ഡോം കൊച്ചിയിലും എത്തുന്നു. സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റ് ലോകത്തും നിരീക്ഷണം ശക്തമാക്കി, സൈബര്‍ കുറ്റകൃത്യങ്ങളുടെ ഉറവിടവും അന്വേഷണവും നിയമത്തിനു മുന്നില്‍ കുറ്റവാളികളെ എത്തിക്കുകയുമാണ് സൈബര്‍ഡോം കൊണ്ട് ഉദ്ദേശിക്കുന്നത്.
കൊച്ചി സൈബര്‍ഡോം, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, ഇന്‍ഫോപാര്‍ക് പൊലീസ് സ്റ്റേഷന്‍, റീജിണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, പൊലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയടങ്ങിയ പൊലീസ് കോംപ്ലെക്‌സിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.45 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഫോപാര്‍ക്ക് ടിസിഎസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.
കൊച്ചിയെപ്പോലുള്ള വളരെ വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മെട്രോപൊളിറ്റന്‍ സിറ്റിയില്‍ പൊലീസ് വകുപ്പിന്റെ വ്യത്യസ്ത കുറ്റാന്വേഷണ വിഭാഗങ്ങളുടെ ഏകോപനത്തിനും ത്വരിതഗതിയിലുള്ള ഫലപ്രാപ്തിയും ലക്ഷ്യമാക്കിയാണ് പൊലീസ് കോംപ്ലക്‌സ് തയാറാവുന്നത്.
ഡിജിറ്റല്‍ സാങ്കേതികതയുടെ ഏറ്റവും പുതിയ സേവനങ്ങളാണ് പൊലീസിന് ഇവിടെ ലഭ്യമാകുന്നത്. കൂടാതെ മയക്കുമരുന്ന് വ്യാപനം തടയുന്നതിന് വേണ്ടി പൊതുജങ്ങള്‍ക്ക് അതീവ രഹസ്യമായി മയക്കുമരുന്ന് വിപണനം ചെയ്യുന്നവരുടെ വിവരങ്ങള്‍ കൈമാറുന്നതിനുള്ള യോദ്ധാവ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിര്‍വഹിക്കും.
സൈബര്‍ സുരക്ഷാ മേഖലയില്‍ കൂടുതല്‍ ഗവേഷണവും വികാസവും സ്വായത്തമാക്കുകയും സൈബര്‍ ഇടത്തെ ഇടപെടലുകളെക്കുറിച്ച് പൊതുജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കുക എന്നുള്ളതും സൈബര്‍ഡോം ലക്ഷ്യമാക്കുന്നു. ഇതിനായി സൈബര്‍ മേഖലയിലെ പ്രഗത്ഭര്‍, എത്തിക്കല്‍ ഹാക്കര്‍മാര്‍, അക്കാദമിക് രംഗത്തെ നിപുണര്‍, ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ തുടങ്ങിയവരുടെ വിദഗ്ധ സഹായവും ലഭ്യമാകുന്നുണ്ട്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനുമായി അത്യന്താധുനിക സൈബര്‍ ഫോറന്‍സിക് ടൂള്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ സജ്ജമാക്കിയിരിക്കുന്നത്.
പ്രധാനമായും ഇന്‍ഫോപാര്‍ക് ടെക്കികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ ലോകത്ത് നേരിടേണ്ടി വരുന്ന ഭീഷണികളെ തടയുന്നതിനായി അത്യന്താധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ തന്നെ വളരെ കുറച്ചു പൊലീസ് സ്റ്റേഷനുകളില്‍ ഒന്നാണ് ഇന്‍ഫോപാര്‍ക് പൊലീസ് സ്റ്റേഷന്‍. ഫോറന്‍സിക് തെളിവ് ശേഖരണത്തിനും പരിശോധനയ്ക്കും പൊലീസിനെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ നാലാമത്തെ ഫോറന്‍സിക് സയന്‍സ് ലാബാണ് പൊലീസ് കോംപ്ലക്‌സില്‍ സജ്ജമാകുന്നത്.
Story Highlights: kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here