‘ഹിന്ദി മാതൃഭാഷ; ഹിന്ദി അറിയാത്ത കളിക്കാരോട് എനിക്ക് ദേഷ്യം’; രഞ്ജി ട്രോഫി മത്സരത്തിനിടെ വിവാദ കമന്ററി

രഞ്ജി ട്രോഫി മത്സരത്തിനിടെ ഹിന്ദി വാദവുമായി കമൻ്റേറ്റർമാർ. കമൻ്ററി പാനലിൽ ഉണ്ടായിരുന്ന രജിന്ദർ അമർനാഥും സുശീൽ ദോഷിയുമാണ് വിവാദ പരാമർശം നടത്തിയത്. ഹിന്ദി മാതൃഭാഷ ആണെന്നും എല്ലാവരും ഹിന്ദി അറിഞ്ഞിരിക്കണമെന്നും അവർ പറഞ്ഞു. ഹിന്ദി അറിയാത്ത കളിക്കാരോട് ദേഷ്യമാണെന്നും കമൻ്ററിയിലൂടെ അവർ പറഞ്ഞു.
കർണാടക-ബറോഡ മത്സരത്തിനിടെയായിരുന്നു സംഭവം. രണ്ടാം ഇന്നിംഗ്സിൽ ബറോഡ ബാറ്റ് ചെയ്യുന്നതിനിടെ സുനിൽ ഗവാസ്കർ ഹിന്ദിയിൽ കമൻ്ററി പറയുന്ന വിഷയം ചർച്ചയിൽ വന്നു. ഹിന്ദിയിൽ കമൻ്ററി പറയുക വഴി ആ ഭാഷയെ ഗവാസ്കർ പ്രചരിപ്പിക്കുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. അതിനു ശേഷമായിരുന്നു വിവാദ പരാമർശം.
“എല്ലാ ഇന്ത്യക്കാർക്കും ഹിന്ദി അറിഞ്ഞിരിക്കണം, അത് നമ്മുടെ മാതൃഭാഷയാണ്. നമുക്ക് ഇതിനെക്കാൾ വലിയ മറ്റൊരു ഭാഷയില്ല.”- മുൻ ഇതിഹാസ താരം ലാല അമർനാഥിൻ്റെ മകനും മുൻ ഇന്ത്യൻ താരം മൊഹീന്ദർ അമർനാഥിൻ്റെ സഹോദരനും മുൻ രഞ്ജി താരവുമായ രജിന്ദർ അമർനാഥ് പറഞ്ഞു. ദോഷി ഇതിനെ അനുകൂലിച്ചു. “ഹിന്ദി അറിയാത്ത ക്രിക്കറ്റർമാരോട് എനിക്ക് ദേഷ്യമാണ്. നിങ്ങൾ ഇന്ത്യയിൽ കഴിയുകയാണെങ്കിൽ നിശ്ചയമായും നിങ്ങൾ ഹിന്ദി സംസാരിച്ചിരിക്കണം.”- ദോഷി പറഞ്ഞു.
ഇരുവരുടെയും പരാമർശം കടുത്ത വിമർശനങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
2011 ലെ സെന്‍സെസ് അനുസരിച്ച് ഇന്ത്യയില്‍ 43% പേര്‍ക്ക് മാത്രമാണ് ഹിന്ദി അറിയാവുന്നത്. ഭോജ്പുരി, രാജസ്ഥാനി തുടങ്ങിയ ഭാഷകൾ ഉള്‍പ്പെടെയാണ് ഈ കണക്ക്, ഹിന്ദിയെ മാതൃഭാഷയാക്കിയിരിക്കുന്നവര് 26% മാത്രമാണ്.
മത്സരത്തിൽ കർണാടക ജയത്തിലേക്ക് നീങ്ങുകയാണ്. 149 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന അവർ മൂന്നാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 14/1 എന്ന നിലയിലാണ്. ഈ മത്സരത്തിൽ ജയിച്ചാൽ അവർ ക്വാർട്ടർ പോരാട്ടങ്ങളിൽ ഇടം നേടും.
Story Highlights: Ranji Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here