Advertisement

കോട്ടയത്ത് കടുത്ത ചൂട്; തരിശ് നിലങ്ങളും തോട്ടങ്ങളും തീപിടുത്ത ഭീഷണിയിൽ

February 14, 2020
Google News 1 minute Read

ചൂട് കുത്തനെ ഉയർന്നതോടെ കോട്ടയത്തെ തരിശ് നിലങ്ങളും തോട്ടങ്ങളും തീ പിടുത്ത ഭീഷണിയിൽ. പലയിടങ്ങളിലും ചൂട് മുപ്പത്തിയേഴ് ഡിഗ്രി പിന്നിട്ടതോടെ വെയിലത്ത് ജോലിക്കിറങ്ങിയ തൊഴിലാളികളാണ് ഏറെ വലഞ്ഞത്. ജലസേചന സൗകര്യം കുറവുള്ള പാടശേഖരങ്ങളിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങി

കഴിഞ്ഞ നാല് ദിവസമായി മുപ്പത്തിയേഴ് ഡിഗ്രിയായിരുന്ന ചൂട് ജില്ലയിൽ പലയിടങ്ങളിലും വീണ്ടും ചൂട് ഉയർന്നു. രാവിലെ 11 മുതൽ മൂന്നു വരെ വെയിലത്ത് ഇറങ്ങരുതെന്ന് നിർദ്ദേശം ഉണ്ടായിട്ടും തൊഴിലാളികൾ ഇത് അവഗണിച്ച് ജോലിക്കെത്തി. കുടകൾ ചൂടിയും, ഇടക്കിടെ വെള്ളത്തിൽ ഇറങ്ങി നിന്നുമാണ് തൊഴിലാളികൾ ചൂടിന്റെ കാഠിന്യം മറികടക്കുന്നത്.

ചൂട് കനത്തതോടെ പാടശേഖരങ്ങളിലും തോട്ടങ്ങളിലും തീപിടുത്തമുണ്ടായി. കോട്ടയം ഈരയിൽകടവിലെ തരിശ് പാടത്ത് പടർന്നു പിടിച്ച തീ മണിക്കൂറുകൾക്ക് ശേഷമാണ് നിയന്ത്രിക്കാനായത്. കഴിഞ്ഞ ദിവസവും ജില്ലയുടെ കിഴക്കൻ മേഖലയിലെ മലയോര പ്രദേശത്ത് തോട്ടങ്ങൾ കത്തിനശിച്ചിരുന്നു. രണ്ട് ദിവസം കൂടി ചൂട് ഇതേ നിലയിൽ തുടരുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തെ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇത് വരെ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതാണ്. ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ ഉയരുന്ന സാഹചര്യമുള്ളതിനാല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Story Highlights: Kottayam, Temperature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here