Advertisement

‘ജർമനിയിൽ ഹിറ്റ്ലർ ജൂതന്മാരെ കൈകാര്യം ചെയ്ത രീതി ആർഎസ്എസ് ഇന്ത്യയിൽ അനുകരിക്കുന്നു’; മുഖ്യമന്ത്രി പിണറായി വിജയൻ

February 15, 2020
Google News 1 minute Read

ആർഎസ്എസ്സിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിറ്റ്ലറിന്റെ നയത്തിനു സമാനമാണ് ആർഎസ്എസ് രാജ്യത്ത് എടുക്കുന്ന നിലപാടെന്ന വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. കൃതി രാജ്യാന്തര പുസ്തക മേളയിൽ ‘ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ആർഎസ്എസ്സിനെതിരെയുള്ള രൂക്ഷ വിമർശനം.

രാജ്യത്ത് നിന്നു മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും നിഷ്‌കാസനം ചെയ്യണമെന്ന ആർഎസ്എസ് നിലപാട് ഹിറ്റ്ലറുടെ നയത്തിൽ നിന്നും വാക്കുകളിൽ നിന്നും രൂപപ്പെട്ടിട്ടുള്ളതാണെന്നായിരുന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. ഈ മൂന്നു കൂട്ടരെയും നിഷ്‌കാസനം ചെയ്യണമെന്ന് ഏതു വേദത്തിലും ഉപനിഷത്തിലുമാണ് പറഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഭാരതീയ സംസ്‌കാരത്തേയല്ല, ജർമനിയിൽ ഹിറ്റ്ലർ ജൂതന്മാരെ കൈകാര്യം ചെയ്ത രീതിയാണ് ആർഎസ്എസ് അനുകരിക്കുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

ദേശീയ പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കില്ലെന്ന പരസ്യ നിലപാട് കേന്ദ്ര സർക്കാരിനെയും കോടതിയേയും അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ഇക്കാര്യത്തിൽ ആശങ്ക വേണ്ടതില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, ഇന്ത്യയിൽ മുഴുവൻ ഇതേ സാഹചര്യം ഉണ്ടാകാനായി പ്രക്ഷോഭങ്ങളും സമരങ്ങളും ശക്തമാക്കണമെന്നും അഭിപ്രായപ്പെട്ടു.

ദേശീയ പൗരത്വ രജിസ്റ്ററിനെതിരേ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളിൽ യുവാക്കളാണ് മുന്നിൽ നിൽക്കുന്നതെന്നും ഭരണകൂടം ഈ പ്രക്ഷോഭങ്ങളെ കിരാതമായ രീതിയിലാണ് നേരിട്ടതെന്നും കുറ്റപ്പെടുത്തി. രാജ്യത്തെ വിവിധ സ്വാതന്ത്ര സമരപ്രസ്ഥാനങ്ങളുടെയെല്ലാം ലക്ഷ്യം ബ്രിട്ടീഷുകാരിൽ നിന്നുമുള്ള മോചനമായിരുന്നുവെങ്കിൽ, ആർഎസ്എസ് ചെയ്തത് ബ്രിട്ടീഷുകാരുമായി സമരസപ്പെടാനും ദേശീയ പ്രസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കാനായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ബ്രിട്ടീഷ് വാഴ്ച്ച രാജ്യത്ത് തുടരണമെന്നു പറഞ്ഞവരാണ് ആർഎസ്എസ് എന്നും പിണറായി വിജയൻ ആരോപിച്ചു.

Story highlight: Pinarai vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here