വീടും സ്ഥലവും ഇല്ലാത്ത 12 കുടുംബങ്ങള്‍ക്ക് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത 12 കുടുംബങ്ങള്‍ക്ക് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. അങ്കമാലി നഗരസഭ 2017 – 18 മുതല്‍ 2019 – 20 വരെയുള്ള വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.27 കോടി രൂപ ചെലവിലാണ് ഫ്‌ളാറ്റ് നിര്‍മിച്ചത്. 650 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 12 ഫ്‌ളാറ്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. മേനാച്ചേരി പാപ്പു – ഏല്യാ ദമ്പതികള്‍ സൗജന്യമായി വിട്ടു നല്‍കിയ 15 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്.

കേരളത്തില്‍ ഭവനരഹിതരായി കണ്ടെത്തിയവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ വകുപ്പുകളിലെ ഭവന നിര്‍മാണ പദ്ധതികള്‍ സംയോജിപ്പിച്ചാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പദ്ധതികളിലായി ഭവന നിര്‍മാണം പാതിവഴിയിലായവരെയാണ് ആദ്യം പരിഗണിച്ചത്. ഇതിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.

സാങ്കേതിക തടസങ്ങളുള്ള ഏതാനും വീടുകള്‍ മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ വേഗം പൂര്‍ത്തീകരിക്കാനാകും.

Story Highlights: Cm Pinarayi Vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top