കെൽട്രോണിനെതിരെ സിഎജി റിപ്പോർട്ട്; കരാറുകൾ സ്വകാര്യ കമ്പനികൾക്ക് മറിച്ചു നൽകി

പൊലീസ് സിംസ് വിവാദത്തിൽ ഉൾപ്പെട്ട കെൽട്രോണിനെതിരെ സിഎജി റിപ്പോർട്ട്. സർക്കാരിനെ കബളിപ്പിച്ചു നേടിയെടുത്ത കരാറുകൾ ഓപ്പൺ ടെണ്ടർ പോലുമില്ലാതെ സ്വകാര്യ കമ്പനികൾക്ക് വഴിവിട്ട് മറിച്ചു നൽകിയതടക്കം കെൽട്രോണും സ്വകാര്യ ഏജൻസികളും തമ്മിലുള്ള അവിശുദ്ധ ബന്ധം എണ്ണിപ്പറഞ്ഞ് 2017ലെ സിഎജി റിപ്പോർട്ട്. സ്പീഡ് ക്യാമറകൾ സ്ഥാപിക്കുന്നതടക്കമുള്ള പൊലീസ് ജോലികൾ മീഡിയട്രോണിക്‌സ് എന്ന കമ്പനിക്ക് നൽകാൻ കെൽട്രോൺ ആസൂത്രിത നീക്കം നടത്തിയെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കെൽട്രോൺ-പൊലീസ്-സ്വകാര്യ ഏജൻസികൾ. ഇവർ തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് 2017ലെ ഈ സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2009 മുതലുള്ള കെൽട്രോണിന്റെ പല കരാറുകളും നടത്തിപ്പുകളും സംശയത്തിന്റെ നിഴലിലെന്നാണ് സിഎജി റിപ്പോർട്ട്. പൊതുമേഖലാ സ്ഥാപനമെന്ന ആനുകൂല്യത്തിൽ സർക്കാർ കരാറുകൾ നേടിയെടുക്കുന്ന കെൽട്രോൺ സ്വകാര്യ ഏജൻസികൾക്ക് ഉപകരാർ നൽകി ജോലി തീർക്കുന്നതാണ് പതിവ്.

പക്ഷേ ഈ സ്വകാര്യ കമ്പനികളുടെ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും, ഏകപക്ഷീയമാണെന്നുമാണ് സിഎജി കണ്ടെത്തൽ. 2012ൽ പൊലീസിനായി സ്പീഡ്, റെഡ് ലൈറ്റ് ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള കരാർ മീഡിയട്രോണിക്‌സ് എന്ന സ്വകാര്യ കമ്പനി നേടിയെടുത്തത് അട്ടിമറിയിലൂടെയാണെന്നു സിഎജി ചൂണ്ടിക്കാണിക്കുന്നു. മീഡിയട്രോണിക്‌സിനു കരാർ കിട്ടുന്ന വിധത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. താൽപര്യം പ്രകടിപ്പിച്ച മറ്റ് സ്വകാര്യ ഏജൻസികളെ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു ഇ-ടെണ്ടർ നൽകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു.

തുടക്കം മുതൽ നടത്തിയ കൃത്യമായ ആസൂത്രണത്തിലൂടെ കെൽട്രോണിന്റെ ഇഷ്ടക്കാരായ മീഡിയട്രോണിക്സിനു ഒടുവിൽ ഉപകരാർ നൽകി. ഇങ്ങനെ മീഡിയട്രോണിക്‌സ് അടക്കം 7 സ്വകാര്യ കമ്പനികളെ കെൽട്രോൺ വഴിവിട്ടു സഹായിക്കുന്നുവെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. ടെൻഡറുകൾ ക്ഷണിച്ചുകൊണ്ട് പരമാവധി പരസ്യം നൽകണമെന്നും സെൻട്രൽ വിജിലൻസ് കമ്മീഷന്റെ ചട്ടമൊന്നും കെൽട്രോണിന് ബാധകമല്ല.

Story highlight: Keltron,CAG report 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top