29ന് ഐസിസി മീറ്റിംഗ്; ഐപിഎൽ അനിശ്ചിതത്വത്തിൽ

ഐപിഎൽ 13ആം സീസൺ മാർച്ച് 29നു തുടങ്ങുമെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഐപിഎൽ ക്ലബുകൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ സമയക്രമം പങ്കുവെച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.

ലീഗ് മത്സരങ്ങളുടെ സമയക്രമമാണ് ക്ലബുകൾ പുറത്തുവിട്ടിരിക്കുന്നത്. 29ന് ആരംഭിക്കുന്ന ഐപിഎൽ ലീഗ് മത്സരങ്ങൾ മെയ് 17ന് അവസാനിക്കും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തമ്മിലാണ് അവസാന ലീഗ് മത്സരം. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. മെയ് 24നാണ് ഫൈനൽ.

ഇത്തവണ ഡബിൾ ഹെഡറുകൾ ഞായറാഴ്ച മാത്രമേയുള്ളൂ. ശനിയാഴ്ചത്തെ രണ്ട് മത്സരങ്ങൾ ഒഴിവാക്കി. ആറ് ഞായറാഴ്ചകളിൽ മാത്രമാണ് ഡബിൾ ഹെഡറുകൾ ഉള്ളത്. അതുകൊണ്ട് തന്നെ 50 ദിവസങ്ങൾ നീളുന്ന സീസണായിരിക്കും ഇത്തവണ ഉണ്ടാവുക.

അതേ സമയം, ബിസിസിഐ ഔദ്യോഗികമായി സമയക്രമം പങ്കുവെച്ചിട്ടില്ല. ഒപ്പം, 29ന് ഐസിസിയുടെ വാർഷിക മീറ്റിംഗ് ഉള്ളതുകൊണ്ട് അന്ന് തന്നെ ഐപിഎൽ തുടങ്ങുന്നത് അനിശ്ചിതത്വത്തിലാണെന്നും സൂചനയുണ്ട്. ദുബായിൽ നടക്കുന്ന യോഗം മാറ്റി വെക്കാൻ ബിസിസിഐ അഭ്യർത്ഥിച്ചിരുന്നു എങ്കിലും ഐസിസി വഴങ്ങിയില്ല. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ളവർക്ക് യോഗത്തിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ അന്ന് ഐപിഎൽ ആരംഭിക്കുകയാണെങ്കിൽ ഇവർക്കൊന്നും ഉദ്ഘാടനച്ചടങ്ങുകളിൽ സംബന്ധിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത് മാറാൻ സാധ്യതയുണ്ടെന്നാണ് സൂചന.

സീസൺ ആരംഭിക്കുന്നതിനു മുൻപ് നടത്തുമെന്നറിയിച്ച ഐപിഎൽ ഓൾസ്റ്റാഴ്സ് ചാരിറ്റി മാച്ചിനെപ്പറ്റിയും വ്യക്തതയില്ല.

Story Highlighst: IPL 2020, BCCI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top