തണ്ടർബോൾട്ടിനെ മറയാക്കിയും പൊലീസിൽ ക്രമക്കേട്; വ്യവസ്ഥകൾ അട്ടിമറിച്ച് ഒരു കോടി രൂപ വിലമതിക്കുന്ന റിമോട്ട് ക്യാമറകൾ വാങ്ങിയെന്ന് കണ്ടെത്തൽ

തണ്ടർബോൾട്ടിനെ മറയാക്കിയും പൊലീസിൽ ക്രമക്കേട് നടന്നുവെന്ന് രേഖകൾ. ടെൻഡർ വ്യവസ്ഥകൾ അട്ടിമറിച്ച് ഒരു കോടിയോളം രൂപ ചെലവഴിച്ച് റിമോട്ട് ക്യാമറകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. രേഖകളുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ലോക്‌നാഥ് ബെഹ്‌റ മൊഡേണൈസേഷൻ എഡിജിപി ആയിരുന്ന കാലയളവിലാണ് ക്രമക്കേട്. പുതുതായി വാങ്ങിയ പോലീസ് വയർലസ്സുകൾ തകരാറിലായതും ദുരൂഹത വർധിപ്പിക്കുന്നു.

2013-2014 കാലയളവിൽ തണ്ടർബോൾട്ടിന് ഉപകരണങ്ങൾ വാങ്ങിയതിലാണ് ക്രമക്കേട് നടന്നത്. പൊലീസിലെ പ്രത്യേക കമാൻഡോ വിഭാഗമായ തണ്ടർബോൾട്ടിന് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി രാത്രിസമയങ്ങളിൽ ഉപയോഗിക്കാനെന്ന പേരിൽ 2 റിമോട്ട് ക്യാമറകൾ വാങ്ങി. ഇതിനായി ചെലവാക്കിയത് 94,52,789 രൂപ.മൂന്ന് കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ സാങ്കേതിക പരിശോധന സമയത്ത് പങ്കെടുത്തത് കരാർ ലഭിച്ച കോർ ഇ എൽ ടെക്‌നോളജീസ് മാത്രം.ഒരു കമ്പനി മാത്രമാണുള്ളതെങ്കിൽ റീ ടെൻഡർ വിളിക്കണമെന്നാണ് ചട്ടം. എന്നാൽ ഈ ചട്ടം ലംഘിച്ചു ടെണ്ടർ അട്ടിമറിച്ചു. എല്ലാ തരത്തിലുള്ള പരിശോധനയും പൂർത്തിയാകുന്നതിന് മുൻപ് സാങ്കേതിക പരിശോധന സമിതി കമ്പനിയുടെ ഉപകരണം വാങ്ങാൻ അനുവദിച്ചു. ഉപകരണം ലഭിക്കുന്നതിന് മുൻപ് മുഴുവൻ പണവും കമ്പനിക്ക് കൈമാറി. ഉപകരണം ലഭിച്ചുവെന്ന പൊലീസ് ആസ്ഥാനത്തെ സീനിയർ ക്ലർക്കിന്റെ തെറ്റായ റിപ്പോർട്ട് ഉപയോഗിച്ചായിരുന്നു പണം മുൻകൂറായി കൈമാറിയത്.

പ്രാഥമിക ഘട്ടത്തിൽ തന്നെ അന്നത്തെ വയനാട്, മലപ്പുറം എസ്പിമാരും, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്പിയും ഉപകരണം ഉപയോഗിക്കാൻ പരിശീലനം പോലും ലഭിച്ചില്ലെന്ന് പരാതി പറഞ്ഞിരുന്നു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്താനുളള തീരുമാനം പിന്നീട് ഉന്നത ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്നാണ് ആക്ഷേപം. അതേ സമയം പുതുതായി വാങ്ങിയ വയർലസുകൾ പ്രവർത്തന രഹിതമായത് സംശയങ്ങൾ ഉയർത്തുകയാണ്.വർഷങ്ങളായി ഉപയോഗിച്ച് വന്ന മൊട്ടോറോള വയർലെസ് സെറ്റുകൾ മാറ്റിയാണ് പുതിയ കമ്പനിയുടേത് വാങ്ങിയത്. വയർലസിന് സാങ്കേതിക തകരാറുകൾ ഉണ്ടെന്ന് പോലീസുകാർ തന്നെ പരാതിപ്പെടുന്നു.

Story Highlights- Loknath Behra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top