‘പാരസൈറ്റ്’ വിജയ് ചിത്രത്തിന്റെ കോപ്പിയടി?; നിർമ്മാതാവ് കേസുമായി മുന്നോട്ട്

മികച്ച ചിത്രം ഉൾപ്പെടെ നാല് ഓസ്കർ പുരസ്കാരങ്ങൾ നേടിയ ദക്ഷിണ കൊറിയൻ ചിത്രത്തിനെതിരെ കേസുമായി തമിഴ് നിർമാതാവ് പി എല്‍ തേനപ്പന്‍. വിജയ് നായകനായി 1999ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണാ എന്ന തമിഴ് ചിത്രത്തിൻ്റെ കഥ കോപ്പിയടിച്ചാണ് പാരസൈറ്റ് നിർമ്മിച്ചതെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.

ചിത്രത്തിനെതിരെ രാജ്യാന്തര അഭിഭാഷകന്റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്യുമെന്നും നഷ്ടപരിഹാരത്തിനായി വാദിക്കുമെന്നും തേനപ്പൻ പറഞ്ഞു. അവരുടെ സിനിമകളിൽ നിന്ന് പ്രചോദിതമായി നമ്മൾ സിനിമകൾ എടുക്കുമ്പോൾ അവർ കേസ് കൊടുക്കും. നമ്മളും അത് തന്നെ തിരിച്ച് ചെയ്യണം. ഇപ്പോൾ ഷൂട്ടിംഗിൻ്റെ തിരക്കിലായതിനാൽ തിങ്കളാഴ്ച മുതൽ നടപടികൾ ആരംഭിക്കുമെന്നും തേനപ്പൻ പറഞ്ഞു.

മികച്ച തിരക്കഥ, വിദേശ സിനിമ, സംവിധാനം, സിനിമ എന്നീ പുരസ്കാരങ്ങളാണ് ഓസ്കറിൽ പാരസൈറ്റ് നേടിയത്. ചിത്രം മിൻസാര കണ്ണായുടെ കോപ്പിയാണെന്ന് ആരാധകരാണ് ആദ്യം ഓൺലൈനിൽ പങ്കുവെച്ചത്. തമാശ എന്ന നിലയിൽ പ്രചരിച്ച വാർത്ത ട്രോളന്മാരും ഏറ്റെടുത്തു. എന്നാൽ നിർമ്മാതാവ് തേനപ്പൻ വിഷയം ഗൗരവമായി കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

കെഎസ് രവികുമാർ സംവിധാനം ചെയ്ത മിൻസാര കണ്ണാ എന്ന സിനിമയിൽ മോണിക്ക കാസ്‌റ്റെലിനോ, രംഭ, ഖുശ്ബു തുടങ്ങിയവരും സിനിമയിൽ വേഷമിട്ടിരുന്നു. സമ്പന്നയായ നായികയുടെ വീട്ടിലേയ്ക്ക് നായകന്റെ കുടുംബം മുഴുവന്‍ ജോലിക്കാരായി എത്തുന്നതായിരുന്നു മിൻസാര കണ്ണായുടെ പ്രമേയം. നിർധന നാലംഗ കുടുംബം സമ്പന്നരുടെ വീട്ടിൽ കയറിക്കൂടി അവരുടെ ചെലവിൽ ജീവിക്കുന്നതിനെ പറ്റിയാണ് പാരസൈറ്റ്‌ ചർച്ച ചെയ്യുന്നത്.

Story Highlights: Parasite, Minasara kanna, Oscar Awards

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top