ഡ്യൂണിന്റെ സംവിധായകന് നോമിനേഷൻ കൊടുത്തില്ല ; അഭിനയം നിർത്തുന്നുവെന്ന് നടൻ

2024ൽ ലോകം മുഴുവൻ തകർത്തോടുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്ത ഡ്യൂണിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്ത ഡെന്നിസ് വില്യനോയ്ക്ക് 2025 ഓസ്‌കർ അവാർഡിലേക്കുള്ള നോമിനേഷൻ കൊടുക്കാത്തതിൽ പ്രതിഷേധിച്ച് അഭിനയം നിർത്തേണ്ടി വരുമെന്ന് നടൻ ജോഷ് ബ്രോളിൻ. 2021ൽ റിലീസ് ചെയ്ത ഡ്യൂണിന്റെ രണ്ടാം ഭാഗമായി വന്ന ഡ്യൂൺ 2 ഒന്നാം ഭാഗത്തേക്കാൾ മികച്ചതെന്നും സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച സയൻസ് ഫിക്ഷൻ ചിത്രമെന്നും ആരാധകരാൽ, വിശേഷിക്കപ്പെട്ടിരുന്നു. ജോഷ് ബ്രോളിൻ ചിത്രത്തിൽ ഗൂർണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
“മികച്ച ചിത്രം, ഛായാഗ്രഹണം, വിഷ്വൽ ഇഫക്ക്റ്റ്സ്, സൗണ്ട്, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയവയ്ക്ക് നോമിനേഷൻ നേടിയതിൽ അണിയറപ്രവർത്തകർ അഭിനന്ദിക്കുന്നു. എന്നാൽ ഡെന്നീസ് വില്യനോയ്ക്ക് നോമിനേഷൻ കൊടുക്കാത്തതിനാൽ ഞാൻ അഭിനയം നിർത്തിയേക്കും. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്ന് മനസിലാക്കുന്നു എങ്കിലും എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മനസിലാകുന്നില്ല, അവാർഡ് ടെന്നീസിന് അർഹതപ്പെട്ടതാണ്. ഈ ചിത്രം മുൻപത്തെ ചിത്രത്തേക്കാൾ ഗംഭീരമായിരുന്നു. അതിന്റെ ഭാഗമായതിൽ സന്തോഷം”, ജോഷ് ബ്രോളിൻ പറഞ്ഞു.

നിലവിൽ ഹോളിവുഡിൽ ഏറ്റവും പ്രഗത്ഭരായ സംവിധായകരിലൊരാൾ എന്ന് വിലയിരുത്തപ്പെടുന്ന ഡെന്നീസ് വില്യനോയെ ആദ്യമായല്ല അക്കാദമി അവഗണിക്കുന്നതും. ഫ്രാങ്ക് ഹെർബെർട്ടിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി റിലീസ് ചെയ്ത ഡ്യൂൺ 2 മികച്ച ചിത്രത്തിനുള്ള നോമിനേഷൻ നേടിയിട്ടുണ്ട്.
ഏറ്റവും അധികം നോമിനേഷൻസ് നേടിയ (13) എമിലിയ പെരെസ് എന്ന ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമുയർന്നിരുന്നു. ട്രാംപ് സർക്കാരിനെതിരെയുള്ള പ്രതിഷേധ സൂചകമായാണ് അക്കാദമി സ്വവർഗ പ്രണയം പ്രമേയമാക്കിയ എമിലിയ പെരെസിന് ഇത്രയധികം പ്രാധാന്യം നല്കിയതെന്നതെന്നും, അക്കാദമി പുരസ്‌കാര ദാനത്തിൽ അനാവശ്യ രാഷ്ട്രീയ തിരുകി കയറ്റി ഡ്യൂൺ 2, സബ്സ്റ്റൻസ്, മാഡ് മാക്സ്, ചലഞ്ചേഴ്‌സ്, ഗ്ലാഡിയേറ്റർ 2 തുടങ്ങിയ ചിത്രങ്ങളെ മനഃപൂർവം അവഗണിക്കുന്നു എന്നും വാദമുണ്ട്.

Story Highlights :Josh Brolin slams ‘Dune: Part 2’ Oscars snub: ‘I’m going to quit acting’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here