അമ്പലപ്പുഴയിൽ മൂന്നുവയസ്സുകാരനെതിരായ മർദനം; കുഞ്ഞിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

അമ്പലപ്പുഴയിൽ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിനിരയായി ചികിൽസയിൽ കഴിയുന്ന മൂന്ന് വയസുകാരന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങളിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ഇന്ന് തീരുമാനമെടുക്കും. അതേസമയം കുട്ടിക്കെതിരായ ക്രൂരമർദ്ദനത്തിൽ വധശ്രമത്തിന് കേസെടുത്ത അമ്മയേയും, രണ്ടാനച്ഛനേയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. അതിനാൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം മൂന്ന് വയസുകാരനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റും.
കുട്ടിയെ നിരവധി തവണ രണ്ടാനച്ഛൻ അടിവയറ്റിൽ ചവിട്ടിയിട്ടുണ്ട്. ഇതുമൂലം വയറിനുള്ളിൽ നീർകെട്ടുണ്ട്. ജനനേന്ദ്രിയം നീരുവച്ച് വീങ്ങിയതിനാൽ ട്യൂബിട്ടാണ് മൂത്ര വിസർസജനം നടത്തുന്നത്. ആന്തരിക ഭാഗങ്ങളിൽ നീർക്കെട്ടും ചതവും ഉള്ളതിനാൽ ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങൾ വേണ്ടിവരുമെന്ന് കരുതിയിരുന്നെങ്കിലും മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നതിനാൽ ഇത് സംബന്ധിച്ച തീരുമാനം പിന്നീടെ ഉണ്ടാകു. അതേസമയം കുട്ടിയെ ക്രൂരമർദ്ദനത്തിനിരയാക്കിയ രണ്ടാനച്ഛൻ വൈശാഖിനേയും, അമ്മ മോനിഷയേയും കോടതി റിമാൻഡ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ
പ്രതികളെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. മർദന വിവരം മനഃപൂർവം മറച്ചുവച്ചു എന്ന് ചൂണ്ടികാട്ടിയാണ് പൊലീസ് മോനിഷയ്‌ക്കെതിരെയും വധശ്രമത്തിന് കേസെടുത്തത് . അതിനിടെ അമ്മയും മർദിച്ചിരുന്നുവെന്ന് കുട്ടി ബന്ധുക്കളോട് അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഇതോടെ ഇപ്പോൾ ചികിൽസയിൽ കഴിയുന്ന കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മറ്റി ഏറ്റെടുത്തു. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. കുട്ടിയുടെ മാതാവ്
മോനിഷയുടെ മുന്നാമത്തേയും വൈശാഖിന്റെ രണ്ടാമത്തേയും വിവാഹമായിരുന്നു ഇത് എന്നാണ് വിവരം. മൂന്ന് മാസമേ ആയിട്ടുള്ളു ഇരുവരും ഒന്നിച്ചു ജീവിതം ആരംഭിച്ചിട്ട്. ഇതിനിടയിലാണ് മോനിഷയുടെ രണ്ടാം വിവാഹത്തിലെ കുഞ്ഞായ മൂന്ന് വയസുകാരന് നിരവധി തവണ ക്രൂര മർദ്ദനം ഏൽക്കേണ്ടിവന്നത്.
Story Highlights- Child Abuse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here