ഭൂവുടമകളുടെ വിവരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന നടപടിക്ക് സർക്കാർ അനുമതി

ബിനാമി ഭൂമിയിടപാടും ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കുന്നതും തടയാൻ സർക്കാർ നടപടി തുടങ്ങി. ഇതിനായി ഭൂവുടമകളുടെ വിവരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന നടപടിക്ക് സർക്കാർ അനുമതി നൽകി. ഇതോടെ എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ നിലവിൽ വരും. കേരളത്തിലെവിടെ ഭൂമിയുണ്ടെങ്കിലും ഇതിലൂടെ കണ്ടെത്താൻ കഴിയും.
ആധാർ നമ്പർ തണ്ടപ്പേരുമായി ബന്ധിപ്പിക്കുന്നതോടെ സംസ്ഥാനത്തെവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരാകും. നിലവിൽ ഒരു വ്യക്തിക്ക് 7.5 ഏക്കറുംകുടുംബത്തിനു 15 ഏക്കറുമാണ് കൈവശം വയ്ക്കാനുള്ള പരിധി.
എന്നാൽ, കൂടുതൽ അംഗങ്ങളുള്ള കുടുംബമാണെങ്കിൽ പരമാവധി 20 ഏക്കർ വരെയും അനുവദിക്കും. ഈ പരിധി ലംഘിച്ച് ഭൂമി കൈവശം വയ്ക്കുന്നതായും ഭൂമി കച്ചവടം നടത്തുന്നതായും സർക്കാർ കണ്ടെത്തിയിരുന്നു. ഒറ്റ തണ്ടപ്പേര് തയാറാക്കുന്നതിനു മുന്നോടിയായി ഭൂവുടമകളുടെ ആധാർ നമ്പർ റവന്യൂ വകുപ്പിന്റെ സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കാൻ നടപടി തുടങ്ങി.
നിലവിൽ സംസ്ഥാനത്തെ ഓരോ വില്ലേജിലേയും ഭൂമി വിവിധ ബ്ലോക്കുകളായിട്ടാണ് തിരിച്ചിട്ടുള്ളത്. ഒരാൾക്ക് ഒരു വില്ലേജിൽ തന്നെ പലയിടത്തായി ഭൂമിയുണ്ടെങ്കിൽ പല തണ്ടപ്പേരുകളാകും ഉണ്ടാകുക. എന്നു മുതലാണ് ആധാർ തണ്ടപ്പേരുമായി ബന്ധിപ്പേക്കണ്ടതെന്ന ഉത്തരവും വിശദമായ മാർഗരേഖയും റവന്യൂ വകുപ്പ് ഉടൻ പുറത്തിറക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here