പൊലീസിന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതിലും ചട്ടലംഘനം: ടെന്‍ഡര്‍ വിളിക്കാതെ മുന്‍കൂര്‍ പണം നല്‍കി

ഡിജിപിയുടെ ചട്ട ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടു നിന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതിലാണ് ചട്ടലംഘനം നടന്നത്. ടെന്‍ഡര്‍ വിളിക്കാതെ മുന്‍കൂര്‍ പണം നല്‍കിയായിരുന്നു ഇടപാട്. ഡിജിപിയുടെ നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
പൊലീസ് സേനയ്ക്കായി ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയ ഇടപാടില്‍ ചട്ടലംഘനം നടന്നുവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കിയാണ് 2017 ല്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് പജേറോ വാങ്ങിയത്.
ഓപ്പണ്‍ ടെണ്ടര്‍ വിളിക്കാതെയാണ് ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് കോര്‍പറേഷന്‍ ലിമിറ്റഡിന് കരാര്‍ നല്‍കിയതെന്ന് ഈ ഉത്തരവില്‍ തന്നെ പറയുന്നു. ചട്ടലംഘനം നടത്തി കരാര്‍ നല്‍കിയതിനു ശേഷം സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിനോട് അനുമതി തേടി. ഫണ്ട് ദുര്‍വിനിയോഗം നടത്തിയ ഇടപാടിന് സര്‍ക്കാര്‍ അനുമതിയും നല്‍കി.
ടെണ്ടര്‍ നടപടികള്‍ പാലിക്കാതെ ഇടപാട് നടത്തിയതും 30 ശതമാനം തുക മുന്‍കൂര്‍ നല്‍കിയതും സര്‍ക്കാര്‍ അറിവോടെയെന്ന് വ്യക്തമാണ്. ജനുവരി അഞ്ചിനാണ് ഡിജിപിയുടെ ചട്ടലംഘനം സാധൂകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ പൊലീസ് നവീകരണ ഫണ്ട് ദുര്‍വിനിയോഗത്തിനും അഴിമതിക്കും സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമാവുകയാണ്.
Story Highlights: lok nath behra, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here