കെപിസിസി യോഗം: നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; ഫോണില്‍ പോലും സംസാരിക്കാറില്ലെന്ന് കുറ്റപ്പെടുത്തല്‍

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നേതാക്കള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനം. നേതാക്കള്‍ തമ്മില്‍ ഫോണില്‍ പോലും സംസാരിക്കാറില്ലെന്നും പൊതുവിഷയങ്ങളില്‍ നേതൃത്വത്തിനിടയില്‍ ഏകാഭിപ്രായമില്ലെന്നും കുറ്റപ്പെടുത്തല്‍. നേതാക്കളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വീഴ്ച സംഭവിച്ചതായും നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.
നീണ്ട ഇടവേളക്ക് ശേഷം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയോഗം നേതാക്കള്‍ തമ്മിലുളള പരസ്പര വിഴുപ്പലക്കലിന്റെ വേദിയായി മാറുകയായിരുന്നു. സിഎജി റിപ്പോര്‍ട്ടിന്മേല്‍ സിബിഐ അന്വേഷണമെന്ന ആവശ്യവുമായി ചെന്നിത്തലയും ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യവുമായി മുല്ലപ്പള്ളിയും ഒരേസമയം രംഗത്തെത്തിയത് ആശയക്കുഴപ്പത്തിന് ഇടയാക്കി. പൊതു വിഷയങ്ങളില്‍ പോലും കൂടിയാലോചനകളില്ലാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ഒരു കാര്യങ്ങളിലും കെപിസിസി പ്രസിഡന്റ് കൂടിയാലോചന നടത്താറില്ലെന്ന് കെ സുധാകരന്‍ തുറന്നടിച്ചു.
ഒന്നരവര്‍ഷമായിട്ടും വര്‍ക്കിംഗ് പ്രസിഡന്റായ തന്നെ മുല്ലപ്പള്ളി ഫോണില്‍ പോലും വിളിച്ചിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. സുധാകരന്‍ തന്നെയും വന്ന് കാണാറില്ലെന്ന് മുല്ലപ്പള്ളിയും തിരിച്ചടിച്ചു. സര്‍വപ്രതാപിയായ കെ കരുണാകരന്‍ പോലും കൂടിയാലോചന നടത്തിയാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതെന്ന് വി എം സുധീരന്‍ നേതൃത്വത്തെ ഓര്‍മിപ്പിച്ചു. കരുണാകരന് അധികാരം നഷ്ടമായത് എല്ലാവര്‍ക്കും പാഠമായിരിക്കണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ നേതൃത്വത്തിന് പലപ്പോഴും വീഴ്ചകള്‍ സംഭവിക്കുന്നതായി കെ മുരളീധരനും കുറ്റപ്പെടുത്തി. പരസ്പര ആശയവിനിമയം നടത്താതെ പാര്‍ട്ടിയെ തുലക്കാനാണോ നേതൃത്വത്തിന്റെ നീക്കമെന്ന് വി ഡി സതീശന്‍ ചോദിച്ചു. നേതാക്കള്‍ക്കിടയില്‍ സമവായമുണ്ടാക്കേണ്ട ബാധ്യത കെപിസിസി അധ്യക്ഷനാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ തുടര്‍ പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കാന്‍ ചേര്‍ന്ന യോഗമാണ് പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വേദിയായത്.
Story Highlights: KPCC meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here