ബിഹാർ എന്തുകൊണ്ട് ദാരിദ്ര്യാവസ്ഥയിൽ തുടരുന്നു ? നിതീഷ് കുമാറിന് നേർക്ക് ചോദ്യശരങ്ങളുമായി പ്രശാന്ത് കിഷോർ

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേർക്ക് വിമർശനവും ചോദ്യശരങ്ങളുമായി ജെഡിയു മുൻ നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. ബിഹാർ എന്തുകൊണ്ട് ദാരിദ്ര്യാവസ്ഥയിൽ തുടരുന്നുവെന്നും വിദ്യാഭ്യാസത്തിന്റെ നിലവാരം എന്തുകൊണ്ട് മെച്ചെപ്പെടുന്നില്ലെന്നും പ്രശാന്ത് കിഷോർ ചോദിച്ചു. യുവ വോട്ടർമാരെ ലക്ഷ്യമിട്ട് ‘ബാത്ത് ബീഹാർ കി’ ക്യാംപയിനിനും തുടക്കമിട്ടു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി ഇറങ്ങുകയാണ് പ്രശാന്ത് കിഷോർ. ബിഹാറിന് പുതിയ നേതൃത്വം വേണം. സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥയിൽ മാറ്റമുണ്ടാക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറിന് കഴിയുന്നില്ല. ബിജെപിയുമായുള്ള കൂട്ടുക്കെട്ടിൽ പാർട്ടിയുടെ ഗാന്ധി മാർഗം നിതീഷ് അടിയറവയ്ക്കുന്നു. ഗാന്ധി ഘാതകരോട് മൃദുസമീപനം സ്വീകരിക്കുന്നവരുമായി സന്ധി ചെയ്തു. ഗാന്ധിയും ഗോഡ്‌സെയും കൈകോർത്തു പോകില്ല. ബിഹാറിന്റെ പട്ടിണിയിൽ മാറ്റമുണ്ടാകുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
‘ബാത്ത് ബിഹാർ കി’ ക്യാംപയിൻ വ്യാഴാഴ്ച ആരംഭിക്കും. ബിഹാറിന് പുതിയ നേതൃത്വം എന്ന മുദ്രാവാക്യമുയർത്തി ഒരു കോടി യുവ വോട്ടർമാരെ നേരിൽ കാണുകയാണ് ലക്ഷ്യം. പ്രശാന്ത് കിഷോർ തുടങ്ങിയ യൂത്ത് ഇൻ പൊളിറ്റിക്‌സ് ഫോറത്തിൽ രണ്ടര ലക്ഷം യുവജനങ്ങൾ ഇതുവരെ ചേർന്നു. പ്രശാന്ത് കിഷോർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത് എന്നായിരുന്നു വിമർശനങ്ങളോടുള്ള ബിജെപിയുടെ പ്രതികരണം.
Story Highlights- Nitish Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here