Advertisement

വാവ സുരേഷിന് സൗജന്യ ചികിത്സ ഒരുക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി കെ കെ ശൈലജ

February 18, 2020
Google News 1 minute Read

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി മന്ത്രി കെ കെ ശൈലജ. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് വാവ സുരേഷ് ചികിത്സയില്‍ കഴിയുന്നത്.

വാവ സുരേഷിനേയും ഡോക്ടര്‍മാരേയും വിളിച്ച് കാര്യങ്ങളന്വേഷിച്ചു. വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്. വൈകുന്നേരത്തോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സൗജന്യമായിരിക്കും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ വലത് കൈയില്‍ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കാണാന്‍ സാധിച്ചു. രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങള്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ വാവ സുരേഷിനെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിഷബാധ നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കി നിരന്തരം നിരീക്ഷിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അരുണ, ക്രിട്ടിക്കല്‍ കെയര്‍ അസോ. പ്രൊഫസര്‍ ഡോ. അനില്‍ സത്യദാസ്, ഹെമറ്റോളജി വിഭാഗം അഡീ. പ്രൊഫസര്‍ ഡോ. ശ്രീനാഥ് എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.

വിഷത്തിന്റെ തീവ്രത കൂടിയതിനാല്‍ നാല് പ്രാവശ്യമാണ് വിഷം നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നല്‍കി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.

Story Highlights: vava suresh, k k shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here