വിമാനയാത്രാ നിരക്കില്‍ ഇളവ്; കുവൈറ്റ് എയര്‍വേയ്‌സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു

അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്‌സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നോര്‍ക്ക റൂട്ട്‌സും കുവൈറ്റ് എയര്‍വേയ്‌സുമായി ഇത് സംബന്ധിച്ച് ധാരണയായി. നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും കുവൈറ്റ് എയര്‍വേയ്‌സ് സെയില്‍സ് മാനേജറും ചേമ്പറില്‍ ധാരണാപത്രം ഒപ്പ് വച്ചു. ഗള്‍ഫ് മേഖലയിലുള്ള പ്രവാസി മലയാളികള്‍ക്ക് ഇത് വലിയൊരു ആശ്വാസമാകും.

ധാരണയുടെ അടിസ്ഥാനത്തില്‍ കുവൈറ്റ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ ഏഴ് ശതമാനം ഇളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്നറിയപ്പെടുന്ന ഈ ആനുകൂല്യത്തിന് നോര്‍ക്ക ഐഡി കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഇളവ് ലഭിക്കും. പ്രവാസികള്‍ക്ക് കാലാകാലങ്ങളായി ഉയര്‍ന്ന യാത്രാനിരക്ക് മൂലമുള്ള ബുദ്ധിമുട്ടിന് ഒരു പരിധി വരെ നോര്‍ക്ക ഫെയര്‍ ആശ്വാസകരമാകും. നോര്‍ക്ക റൂട്ട്‌സ് ഐഡി കാര്‍ഡുടമകള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം ഈ മാസം 20 മുതല്‍ ലഭിക്കും.

നേരത്തെ നോര്‍ക്ക റൂട്ട്‌സും ഒമാന്‍ എയര്‍വേയ്‌സുമായി ഉണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ നോര്‍ക്ക ഫെയര്‍ ഒമാന്‍ എയര്‍വേയ്‌സില്‍ നിലവില്‍ ഉണ്ടായിരുന്നു. ധാരണാപത്രം പുതുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. കുവൈറ്റ് എയര്‍വേയ്‌സിന്റെ വെബ്‌സെറ്റിലൂടെയും എയര്‍വേയ്‌സിന്റെ ഇന്ത്യയിലെ സെയില്‍സ് ഓഫീസുകള്‍ മുഖേനയും പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ഇതിനായി NORKA20 എന്ന പ്രെമോ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. കുടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

Story Highlights: NORKA Roots, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top