ഓപ്പണിംഗ് പൃഥ്വിയും മായങ്കും; ഇഷാന്ത് കളിക്കും: സൂചന നൽകി വിരാട് കോലി

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെപ്പറ്റി സൂചന നൽകി ഇന്ത്യൻ നായകൻ വിരാട് കോലി. ഓപ്പണിംഗിൽ മായങ്ക് അഗർവാളിനൊപ്പം യുവതാരം പൃഥ്വി ഷാ ഇറങ്ങുമെന്നും ഇഷാന്ത് ശർമ്മ ഫൈനൽ ഇലവനിൽ ഉണ്ടാകുമെന്നുമുള്ള സൂചനകളാണ് കോലി നൽകിയത്.
“പരുക്കിന് മുന്‍പ് എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇഷാന്ത് ശര്‍മ ഇപ്പോള്‍ പന്തെറിയുന്നത്. ന്യൂസിലൻഡിൽ മുന്‍പ് കളിച്ചതിന്റെ അനുഭവസമ്പത്തും ഇഷാന്തിന് ഗുണം ചെയ്യും. പൃഥ്വി ഷാ കഴിവുള്ള താരമാണ്. സ്വതസിദ്ധമായ ശൈലിയിൽ പൃഥ്വി കളിക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മികച്ച പ്രകടനം നടത്തിയേ മതിയാവൂ എന്ന സമ്മർദ്ദമൊന്നും ഇവരിൽ ഇല്ല. ഓസ്‌ട്രേലിയയില്‍ മായങ്ക് എങ്ങനെയാണോ കളിച്ചത് അതുപോലെ ന്യൂസിലാന്‍ഡില്‍ പൃഥ്വിക്കും കളിക്കാം. പേടിയില്ലാതെ ഒരു കൂട്ടം താരങ്ങൾ കളിക്കുമ്പോള്‍ അത് ടീമിനാകെ പ്രചോദനമാവും. ഇതിലൂടെ, നമ്മള്‍ ആഗ്രഹിക്കുന്ന തുടക്കം ലഭിക്കുന്നതിനൊപ്പം എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടാനുമാവും.”- കോലി പറഞ്ഞു.
നേരത്തെ, ന്യൂസിലൻഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിൽ പൃഥ്വി ഷായും മായങ്ക് അഗർവാളും മികച്ച പ്രകടനം നടത്തിയിരുന്നു. ഒപ്പം ഓപ്പണിംഗ് പൊസിഷനിലേക്ക് പൃഥ്വിക്കൊപ്പം പരിഗണിച്ചിരുന്ന ശുഭ്മൻ ഗിൽ രണ്ട് ഇന്നിംഗ്സുകളിലും പരാജയപ്പെട്ടത് പൃഥ്വിയുടെ വഴി എളുപ്പമാക്കി.
ആദ്യ ഇന്നിംഗ്സിൽ, പൃഥ്വി ഷായും ശുഭ്മൻ ഗില്ലും റണ്ണെടുക്കാതെ പുറത്തായപ്പോൾ അഗർവാളിൻ്റെ സമ്പാദ്യം ഒരു റൺ മാത്രമായിരുന്നു. ഋഷഭ് പന്ത് (7), വൃദ്ധിമാൻ സാഹ (0) എന്നീ ഇന്ത്യയുടെ രണ്ട് വിക്കറ്റ് കീപ്പർമാർക്കും മികച്ച പ്രകടനം നടത്താനായില്ല. ഇവരിൽ ഗില്ലൊഴികെ ബാക്കിയെല്ലാവരും രണ്ടാം ഇന്നിംഗ്സിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.
പൃഥ്വി ഷാ (31 പന്തുകളിൽ 39), മായങ്ക് അഗർവാൾ (99 പന്തുകളിൽ 81), ഋഷഭ് പന്ത് (65 പന്തുകളിൽ 70), വൃദ്ധിമാൻ സാഹ (38 പന്തുകളിൽ 30 നോട്ടൗട്ട്) എന്നിങ്ങനെയാണ് രണ്ടാം ഇന്നിംഗ്സിൽ ഇവരുടെ സ്കോർ. ശുഭ്മൻ ഗില്ലിന് 8 റൺസ് മാത്രമേ എടുക്കാനായുള്ളൂ.
Story Highlights: Nz vs india test virat kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here