Advertisement

ആരാധകർക്ക് സന്തോഷവാർത്ത; രോഹിത് ഉടൻ തിരിച്ചെത്തും

February 19, 2020
3 minutes Read

പരുക്കേറ്റ് പുറത്തായ ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ ഉടൻ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലൂടെ രോഹിത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ജിമ്മിൽ പരിശീലനം നടത്തുന്ന തൻ്റെ ചിത്രം രോഹിത് തന്നെ പങ്കു വെച്ചതോടെയാണ് പരുക്കിൽ നിന്ന് അദ്ദേഹം മോചിതനായെന്ന സൂചനകൾ ലഭിച്ചത്.

ന്യൂസിലൻഡിനെതിരെ നടന്ന അഞ്ചാം ടി-20യിലാണ് രോഹിത് പരുക്കേറ്റ് പുറത്തായത്. തുടർന്ന് ഏകദിന, ടെസ്റ്റ് പരമ്പരകൾ അദ്ദേഹത്തിനു നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കൻ പരമ്പരയും അദ്ദേഹത്തിനു നഷ്ടമാകും എന്നായിരുന്നു സൂചന. എന്നാൽ ഇപ്പോൾ ഇത് തിരുത്തിയാണ് പുതിയ റിപ്പോർട്ടുകൾ.

മാർച്ച് 12നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ആരംഭിക്കുക. ധർമശാലയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം. മാർച്ച് 18ന് പരമ്പര അവസാനിക്കും. ആ മാസം അവസാനം ഐപിഎൽ ആരംഭിക്കാനിരിക്കെ അതിനു മുൻപ് രോഹിത് ടീമിലേക്ക് തിരികെയെത്തും എന്നത് ആരാധകർക്കും വലിയ ആശ്വാസം നൽകുന്നുണ്ട്.

ന്യൂസിലൻഡിനെതിരായ ടി-20 മത്സരത്തിൽ 60 റൺസെടുത്തു നിൽക്കെ ആണ് രോഹിത് പരുക്കേറ്റ് പവലിയനിലേക്ക് മടങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ ഫീൽഡിലിറങ്ങാതിരുന്ന രോഹിതിൻ്റെ അഭാവത്തിൽ ലോകേഷ് രാഹുലാണ് പിന്നീട് ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. മത്സരത്തിനു ശേഷം നടന്ന പ്രസൻ്റേഷൻ സെറിമണിയിൽ വെച്ച് രോഹിതിൻ്റെ പരുക്ക് അല്പ ദിവസങ്ങൾക്കുള്ളിൽ ഭേദമാവുമെന്ന് ലോകേഷ് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് രോഹിത് ഏകദിന-ടെസ്റ്റ് ടീമുകളിൽ നിന്ന് പുറത്തായെന്ന് ബിസിസിഐ അറിയിച്ചു. രോഹിതിനു പകരം മായങ്ക് അഗർവാൾ, ശുഭ്മൻ ഗിൽ എന്നിവർ യഥാക്രമം ഏകദിന, ടെസ്റ്റ് ടീമുകളിൽ എത്തിയിരുന്നു.

Story Highlights: Rohit Sharma comeback soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top