2018ൽ സോഷ്യൽ മീഡിയ വാഴ്ത്തിയ അതേ ഡ്രൈവറെയും കണ്ടക്ടറെയുമാണ് അവിനാശി അപകടത്തിലൂടെ നമുക്ക് നഷ്ടമായത്

ബസിലെ ഡ്യൂട്ടിക്കിടയിലും മറ്റുള്ളവരുടെ ജീവന് കരുതലും കാവലാളുമായവരാണ് അവിനാശിയിൽ അപകടത്തിൽ പെട്ട ബസിന്റെ ഡ്രൈവർ ഗിരീഷും ഡ്രൈവർ കം കണ്ടക്ടർ ബൈജുവും. ഇരുവരും അപകടത്തിൽ കൊല്ലപ്പെട്ടെങ്കിലും അവരുടെ നന്മകൾ സഹപ്രവർത്തകരുടെ മനസിലുണ്ട്. കേരളത്തിലെ ട്രാൻസ്‌പോർട്ട് ബസ് സർവീസിന്റെ 82 ആം പിറന്നാൾ ദിനത്തിലാണ് ഈ ദുരന്തം.
2018 ജൂൺ മൂന്ന്. വൈകിട്ട് 7ന് എറണാകുളത്ത് നിന്നും ബംഗളുരുവിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി വോൾവോ ബസിലെ ജീവനക്കാരുടെ നന്മയെക്കുറിച്ച് സോഷ്യൽ മീഡിയയും മാധ്യമങ്ങളും അന്നേ വാഴ്ത്തിയിരുന്നു. ഡ്രൈവറും കണ്ടക്ടറും മറ്റാരുമല്ല, അവിനാശി അപകടത്തിനിരയായ ബസിലെ അതേ ജീവനക്കാർ തന്നെ. ഗിരീഷും ബൈജുവും. വണ്ടി പുലർച്ചെ ഹൊസൂർ പിന്നിട്ടപ്പോൾ തൃശൂരിൽ നിന്നു കയറിയ യാത്രക്കാരിക്ക് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വണ്ടി തിരിച്ചു വിട്ടാലേ ആശുപത്രിയിലെത്തിച്ച് യുവതിയുടെ ജീവൻ രക്ഷിക്കാനാവൂ. ഇരുവരും പെട്ടെന്നു തീരുമാനിച്ച് വണ്ടി തിരികെ വിട്ടു.
Read Also : കണ്ടക്ടർ സീറ്റ് മാറ്റിയിരുത്തി; ആൻ മേരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആശുപത്രിയിൽ പണം നൽകി ചികിത്സ തുടങ്ങി. യുവതിയുടെ നില ഗുരുതരമായതിനാൽ ആരെങ്കിലും ആശുപത്രിയിൽ നിന്നേ മതിയാവൂ എന്നായി അധികൃതർ. ബന്ധുക്കളെത്തും വരെ ബൈജു ആശുപത്രിയിൽ തങ്ങി. ഗിരീഷ് മറ്റു യാത്രക്കാരുമായി ബംഗളൂരുവിലേക്കും. ബസിലെ യാത്രക്കാർ ഈ മഹാമനസ്‌കതയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതി.
Read Also : അവിനാശി കെഎസ്ആർടിസി അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു
അന്ന് കെഎസ്ആർടിസി എംഡി ആയിരുന്ന ടോമിൻ ജെ തച്ചങ്കരി ഇരുവരേയും അഭിനന്ദിച്ച് എഴുതുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ 23ന് കെഎസ്ആർടിസിയുടെ ഒരു വോൾവോ ബസ് വഴിയിൽ തകരാറായപ്പോൾ യാത്രക്കാർക്ക് ടിക്കറ്റ് ക്യാൻസൽ മൂലം ബുദ്ധിമുട്ട് വരാതിരിക്കാൻ വിശ്രമമില്ലാതെ പകരം ബസിൽ ഡ്രൈവർ കം കണ്ടക്ടർ ആയി പോയ അനുഭവവും ബൈജുവിനുണ്ട്. ഇങ്ങനെ നന്മയുടേയും കാരുണ്യത്തിന്റെയും ഓർമകൾ ബാക്കിവച്ചാണ് ഇരുവരും വിട പറഞ്ഞത്.
കേരളത്തിലെ ട്രാൻസ്‌പോർട്ട് ബസ് സർവീസിന്റെ 82 ആം പിറന്നാൾ ദിനം കൂടിയാണ് ഇന്ന് . 1938 ഫെബ്രുവരി 20നാണ് തിരുവിതാംകൂറിൽ ദ സ്റ്റേറ്റ് മോട്ടോർ സർവീസ് തുടങ്ങുന്നത്. കെഎസ്ആർടിസി 1965 ലാണ് രൂപീകരിച്ചതെങ്കിലും ആദ്യ ട്രാൻസ്‌പോർട്ട് ബസ് സർവീസ് തുടങ്ങിയ ഫെബ്രുവരി 20 ബസ് ഡേയായി ആചരിച്ചു വരുന്നു. കെഎസ്ആർടിസിക്ക് പിറന്നാൾ ദിനത്തിൽ കണ്ണീരായി കോയമ്പത്തൂർ അപകടം.
Story Highlights- Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here