കോഴ: ഉമർ അക്മലിനെ സസ്പൻഡ് ചെയ്തു

കോഴ ആരോപണത്തെത്തുടർന്ന് പാക് ക്രിക്കറ്റ് താരം ഉമർ അക്മലിനെ സസ്പൻഡ് ചെയ്തു. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇറക്കിയ പത്രക്കുറിപ്പിലാണ് സസ്പൻഷൻ വിവരം അറിയിച്ചത്. ഇതോടെ വരുന്ന പാകിസ്താൻ സൂപ്പർ ലീഗിൽ പങ്കെടുക്കാൻ ഉമർ അക്മലിന് സാധിക്കില്ല. ആൻ്റി കറപ്ഷൻ കോഡ് അനുസരിച്ചാണ് താരത്തെ സസ്പൻഡ് ചെയ്തതെങ്കിലും കൂടുതൽ വിവരങ്ങൾ പിസിബി അറിയിച്ചിട്ടില്ല.

പിസിബിയുടെ ആൻ്റി കറപ്ഷൻ യൂണിറ്റ് വിഷയത്തിൽ അന്വേഷണം നടത്തുന്നതിനാൽ ക്രിക്കറ്റുമായോ, ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പ്രവർത്തനങ്ങളുമായോ ഉമർ അക്മലിന് പങ്കെടുക്കാൻ സാധിക്കില്ല. പിഎസ്എല്ലിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിൻ്റെ താരമായ ഉമറിന് പകരം താരത്തെ കണ്ടെത്താൻ ക്ലബിന് പിസിബി അനുവാദം നൽകിയിട്ടുണ്ട്. ഇന്നാണ് പിഎസ്എൽ ആരംഭിക്കുക. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന് ഇന്ന് മത്സരമുണ്ട്.

കഴിഞ്ഞ ദിവസം, ഫിറ്റ്സ് ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഉമർ അക്മൽ സ്വയം നഗ്നനായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പാകിസ്താൻ്റെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വെച്ച് നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട അക്മൽ വസ്ത്രം അഴിച്ച് ‘കൊഴുപ്പ് എവിടെയാണെന്ന് കാണിക്കൂ’ എന്ന് ട്രെയിനോട് പറഞ്ഞുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സംഭവത്തിൽ ഉമർ അക്മലിനെതിരെ നടപടിയുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്നു എങ്കിലും പിസിബി താരത്തിനു മാപ്പ് നൽകിയിരുന്നു. ഇപ്പോൾ കൃത്യമായ കാരണങ്ങൾ പറയാതെയുള്ള ഈ സസ്പൻഷൻ ആരാധകർക്കിടയിൽ സംശയം ഉണ്ടാക്കിയിട്ടുണ്ട്.

ഉമർ അക്മലിൻ്റെ സഹോദരനായ കമ്രാൻ അക്മലും പലതവണ ഫിറ്റ്നസ് ടെസ്റ്റുകളിൽ പരാജയപ്പെട്ടിരുന്നു. 2017നു ശേഷം കമ്രാന് ദേശീയ ടീമിൽ കളിക്കാനായിട്ടില്ല.

Story Highlights: Umar Akmal suspended under anti corruption code

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top