ഓൾ സ്റ്റാർസ് മത്സരം ഐപിഎല്ലിനു ശേഷം നടക്കുമെന്ന് ഗവേണിംഗ് കൗൺസിൽ

ഐപിഎൽ സീസണു മുന്നോടിയായി നടത്തുമെന്നറിയിച്ച ഓൾ സ്റ്റാർസ് മത്സരം സീസൺ അവസാനത്തിൽ നടത്തുമെന്ന് ഗവേണിംഗ് കൗൺസിൽ. ഗവേണിംഗ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് പുതിയ തീരുമാനം അറിയിച്ചത്. ലീഗിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ടീം തിരഞ്ഞെടുക്കുമെന്നും ബ്രിജേഷ് പട്ടേൽ അറിയിച്ചു.

ഓൾ സ്റ്റാർസ് മത്സരം മാർച്ച് 25നു നടക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ട്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാവും മത്സരം എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് മത്സരം മാറ്റി വെച്ചു എന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇതിനെയൊക്കെ തള്ളിയാണ് ഇപ്പോൾ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്.

ഐപിഎല്ലിനു മുൻപ് ഓൾ സ്റ്റാർസ് മത്സരമെന്ന ആശയത്തോട് നേരത്തെ തന്നെ ഫ്രാഞ്ചൈസികൾ വിമുഖത പ്രകടിപ്പിച്ചിരുന്നു. പ്രമോഷൻ സമയത്ത് താരങ്ങളെ മത്സരത്തിനയക്കുന്നത് ശരിയാവില്ല എന്നായിരുന്നു ക്ലബ് ഉടമകളുടെ നിലപാട്. താരങ്ങൾക്ക് പരുക്കേറ്റാൽ പ്രതിസന്ധിയുണ്ടാവും എന്നതും ഫ്രാഞ്ചൈസികളെ ഓൾ സ്റ്റാർസ് മാച്ചിൽ നിന്ന് പിന്നോട്ടടിച്ചിരുന്നു. ഫ്രാഞ്ചൈസ് ഉടമകളോട് കൃത്യമായി സംസാരിക്കാതെയാണ് ഓൾ സ്റ്റാർസ് മാച്ച് എന്ന ആശയം മുന്നോട്ടു വെച്ചതെന്നും ആക്ഷേപമുണ്ടായിരുന്നു. തുടർന്നാണ് മത്സരം ഐപിഎല്ലിനു ശേഷം നടത്താൻ തീരുമാനമായത്.

മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മെയ് 24ന് ഫൈനൽ മത്സരം നടക്കും.

ഇത്തവണ ഡബിൾ ഹെഡറുകൾ ഞായറാഴ്ച മാത്രമേയുള്ളൂ. ശനിയാഴ്ചത്തെ രണ്ട് മത്സരങ്ങൾ ഒഴിവാക്കി. ആറ് ഞായറാഴ്ചകളിൽ മാത്രമാണ് ഡബിൾ ഹെഡറുകൾ ഉള്ളത്. അതുകൊണ്ട് തന്നെ 50 ദിവസങ്ങൾ നീളുന്ന സീസണായിരിക്കും ഇത്തവണ ഉണ്ടാവുക.

Story Highlights: All-stars match to take place post IPL 2020നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More