വനിതാ ടി-20 ലോകകപ്പ്: കറക്കി വീഴ്ത്തി പൂനം യാദവ്; ഇന്ത്യക്ക് ഉജ്ജ്വല ജയം

വനിതാ ടി-20 ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഉജ്ജ്വല ജയം. 17 റൺസിനാണ് ഇന്ത്യ ലോക ചാമ്പ്യന്മാരെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 115 റൺസിന് ഓൾ ഔട്ടായി. ബാറ്റിംഗിൽ പരാജയം നേരിട്ട ഇന്ത്യ ബൗളർമാരുടെ മികച്ച പ്രകടനത്തിൻ്റെ ബലത്തിലാണ് ജയം കുറിച്ചത്. ഇന്ത്യക്കായി പൂനം യാദവ് നാലു വിക്കറ്റുകളും ശിഖ പാണ്ഡെ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

നന്നായാണ് ഓസ്ട്രേലിയ തുടങ്ങിയത്. ആദ്യ വിക്കറ്റിൽ അലിസ ഹീലിയും ബെത്ത് മൂണിയും ചേർന്ന് 32 റൺസ് സ്കോർ ബോർഡിലേക്ക് ചേർത്തു. 12 പന്തുകളിൽ 6 റൻസെടുത്ത മൂണിയെ ശിഖ പാണ്ഡെയുടെ പന്തിൽ രാജേശ്വരി ഗെയ്ക്‌വാദ് പിടികൂടിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. തുടർന്ന് കൂട്ടത്തകർച്ചയാണ് കണ്ടത്. ക്യാപ്റ്റൻ മെഗ് ലാനിംഗ് രാജേശ്വരി ഗെയ്ക്‌വാദിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ തനിയ ഭാട്ടിയയുടെ കൈകളിൽ അവസാനിച്ചു. ഒരുവശത്ത് വിക്കറ്റുകൾ കടപുഴകുമ്പോളും പിടിച്ചു നിന്ന ഓപ്പണർ അലിസ ഹീലി 34 പന്തുകളിൽ അർധസെഞ്ചുറി കുറിച്ചു. തൊട്ടടുത്ത പന്തിൽ തന്നെ ഹീലിയെ പുറത്താക്കിയ പൂനം യാദവ് ഒരു വേട്ടക്കാണ് തുടക്കമിട്ടത്. 35 പന്തുകളിൽ ആറ് ബൗണ്ടറികളും ഒരു സിക്സറും സഹിതം 51 റൺസെടുത്ത ഹീലിയെ സ്വന്തം ബൗളിംഗിൽ പിടികൂടിയ പൂനം തൻ്റെ അടുത്ത ഓവറിൽ റേച്ചൽ ഹെയിൻസിനെയും എലിസ് പെറിയെയും തൊട്ടടുത്ത പന്തുകളിൽ വീഴ്ത്തി.

6 റൺസെടുത്ത ഹെയിൻസിനെ തനിയ ഭാട്ടിയ സ്റ്റമ്പ് ചെയ്തപ്പോൾ പെറിയെ പൂനം ക്ലീൻ ബൗൾഡാക്കി. തൻ്റെ മൂന്നാം ഓവറിൽ ജെസ് ജൊനാസനെ (2) തനിയ ഭാട്ടിയ ഉജ്ജ്വലമായി പിടികൂടിയതോടെ പൂനം നാലു വിക്കറ്റ് നേട്ടവും കുറിച്ചു. അന്നബെൽ സതർലാൻഡിനെ (2) ശിഖ പാണ്ഡെയുടെ പന്തിൽ തനിയ ഭാട്ടിയ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ഡെലിസ കിമ്മിൻസ് (4) റണ്ണൗട്ടായി. അവസാന ഓവറിലെ രണ്ടാം പന്തിൽ ആഷ് ഗാർഡ്നറെ (34) സ്വന്തം പന്തിൽ ശിഖ പാണ്ഡെ പിടികൂടിയതോടെ ഓസ്ട്രേലിയയുടെ അവസാന പ്രതീക്ഷയും കരിഞ്ഞു. അവസാന വിക്കറ്റായി മോളി സ്ട്രാനോ (2) റണ്ണൗട്ടായി. മേഗൻ ഷൂട്ട് (1) പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാരായ ഷഫാലി വർമ്മയും (15 പന്തുകളിൽ 29) സ്മൃതി മന്ദനയും ചേർന്ന് 41 റൺസിൻ്റെ മികച്ച തുടക്കം നൽകിയെങ്കിലും മധ്യ ഓവറുകളിൽ അടിപതറിയത് തിരിച്ചടിയാവുകയായിരുന്നു. ജെമീമ റോഡ്രിഗസ് (33 പന്തുകളിൽ 26), ഹർമൻപ്രീത് കൗർ (2) എന്നിവർക്കൊന്നും മികച്ച പ്രകടനം നടത്താനായില്ല. 46 പന്തുകളിൽ 49 റൺസെടുത്ത് പുറത്താവാതെ നിന്ന ദീപ്തി ശർമ്മയാണ് ഇന്ത്യയെ മാന്യമായ സ്കോറിൽ എത്തിച്ചത്.

Story Highlights: India won against australia in t-20 womens world cup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top