ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റുമാർ ആരൊക്കെ എന്ന് വായിക്കാം

അധികാരത്തിലിരിക്കെ ഇന്ത്യയിലെത്തുന്ന ഏഴാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ നാല് പ്രസിഡൻറുമാരാണ് ഇന്ത്യാ സന്ദർശനത്തിനെത്തിയത്. ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ ആരൊക്കെ എന്ന് നോക്കാം

ഡൈ്വറ്റ് ഡി ഐസനോവർ

1959ലാണ് ആദ്യമായി ഒരു അമേരിക്കൻ പ്രസിഡൻറ് ഇന്ത്യയിലെത്തുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്ന ഇന്ത്യയ്ക്ക് കൂടുതൽ സഹായം നൽകി സോവിയറ്റ് യൂണിയന്റെ സ്വാധീനം കുറക്കുകയായിരുന്നു ലക്ഷ്യം.

പ്രധാനമന്ത്രി നെഹ്‌റുമായി കൂടിക്കാഴ്ച്ച നടത്തിയ ഐസനോവർ പാർലമെൻറിൻറെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

റിച്ചാർഡ് നിക്‌സൺ

പത്ത് വർഷത്തിന് ശേഷം, അഥവാ 1969 ൽ ഇന്ത്യയിലെത്തിയ റിച്ചാർഡ് നിക്‌സനാണ് രാജ്യം സന്ദർശിച്ച രണ്ടാമത്തെ അമേരിക്കൻ പ്രസിഡൻറ്. ഇന്ത്യാ-പാക് ബന്ധം ഏറെ വഷളായിരുന്ന അക്കാലത്ത് പാകിസ്താനെ പിന്തുണച്ചിരുന്ന നിക്‌സന്റെ സന്ദർശനം വൻ പരാജയമായി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായള്ള ചർച്ചയിൽ ഒരു ധാരണയുമുണ്ടായില്ല.

ജിമ്മി കാർട്ടർ

1978ലാണ് അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ജിമ്മി കാർട്ടർ ഇന്ത്യ സന്ദർശിച്ചത്. മൊറാജി ദേശായിയിരുന്നു അന്നത്തെ പ്രധാനമന്ത്രി. 500 മാധ്യമപ്രവർത്തകരെയും കൊണ്ടായിരുന്നു വരവ്. ചുമാ ഖേരഗോൺ എന്ന ഗ്രാമം കാർട്ടർ സന്ദർശിച്ചു. അദ്ദേഹത്തിന്റെ അമ്മയായ ലില്ലിയാൻ പീസ് കോർപ്‌സിൽ ഉണ്ടായിരുന്ന കാലത്ത് ആ ഗ്രാമത്തിൽ വന്നതിന്റെ ഓർമ പുതുക്കാൻ വേണ്ടിയായിരുന്നു അത്. തന്റെ യാത്രക്കിടെ ഗ്രാമീണർക്ക് കാർട്ടർ നിറയെ പണവും ഒരു ടിവിയും സമ്മാനിച്ചു. ആ ഗ്രാമം പിന്നീട് കാർട്ടർപുരിയെന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

ബിൽ ക്ലിൻഡൻ

2000 ലെ ബിൽ ക്ലിൻഡന്റെ സന്ദർശനത്തോടെയാണ് ഇന്ത്യയും അമേരിക്കയും കൂടുതൽ അടുത്തത്. സോവിയറ്റ് യൂണിയന്റെ തകർച്ചയും, സാമ്പത്തികരംഗത്ത് തുടക്കം കുറിച്ച ഉദാവൽക്കരണ നയങ്ങളും രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ സ്ഥാനം പുനഃക്രമീകരിക്കുന്ന കാലമായിരുന്നു അത്. ഹൈദരാബാദും മുബൈയും അദ്ദേഹം സന്ദർശിച്ചു.

ജോർജ് ഡബ്ലു ബുഷ്

ക്ലിൻഡന്‍ തുടർന്നിങ്ങോട്ട് അധികാരത്തിലെത്തിയ മുഴുവൻ പ്രസിഡൻറുമാരും ഇന്ത്യയിൽ സന്ദർശനത്തിനെത്തി. 2006 ലെ ജോർജ് ഡബ്ലു ബുഷിന്റെ സന്ദർശനത്തിലാണ് ഇന്ത്യ-അമേരിക്ക ആണവകരാർ ഒപ്പുവച്ചത്. മൂന്ന് ദിവസത്തെ സന്ദർശനമായിരുന്നു ബുഷിന്റെത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗുമായി ഊഷ്മള ബന്ധം ബുഷിനുണ്ടായിരുന്നു. കലാകാരൻ കൂടിയായ ബുഷ് പിന്നീട് മൻമോഹന്റെ ഒരു ചിത്രം വരക്കുകയുണ്ടായി.

ബറാക്ക് ഒബാമ

2010 ലും 2015ലും ബറാക്ക് ഒബാമ ഇന്ത്യയിൽ സന്ദർശനം നടത്തി. 2015 റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥിയായാണ് ഒബാമ ഇന്ത്യയിലെത്തിയത്. അധികാരത്തിലിരിക്കെ രണ്ട് തവണ ഇന്ത്യ സന്ദർശിച്ച ഏക പ്രസിഡൻറ് കൂടിയാണ് ഒബാമ.

2010ൽ മൻമോഹൻ അധികാരത്തിലിരിക്കുമ്പോഴും 2015ൽ മോദി പ്രധാന മന്ത്രി ആയിരിക്കുമ്പോഴുമാണ് ഒബാമ എത്തിയത്. 2010ൽ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ആദ്യമായി ഒബാമ എത്തിയത്. അദ്ദേഹം അന്ന് താമസിച്ചത് തന്നെ ആക്രമണം നടന്ന മുംബൈയിലെ താജ് ഹോട്ടലിലാണ്.

2015ൽ വ്യാപാരം, പ്രതിരോധം, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കിടയിൽ ചർച്ച നടന്നു.

നാളെ മുതൽ ഇന്ത്യ സന്ദർശിക്കാനെത്തുന്ന ഏഴാമത്തെ അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ സന്ദർശന വിശേഷങ്ങൾ അറിയാം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ട്രംപ് എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top